ഇസ്ലാമാബാദ് : പാകിസ്താനിലെ പര്‍വതനഗരമായ മുറേയില്‍ വാഹനങ്ങള്‍ക്കുമുകളില്‍ ശക്തമായി മഞ്ഞുപതിച്ചുണ്ടായ അപകടത്തില്‍ 21 പേര് മരിച്ചു. അഞ്ചുപേര്‍ കാറിനുള്ളില്‍ തണുത്തുറഞ്ഞാണ് മരിച്ചത്. ആയിരക്കണക്കിന് വാഹനങ്ങളും ആളുകളും മഞ്ഞുകൂമ്പാരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ് മുറേ. അസാധാരണമായ മഞ്ഞുവീഴ്ചയാണ് സഞ്ചാരികളെ കൂട്ടത്തോടെ ഇവിടേക്ക് ആകര്‍ഷിച്ചത്. മഞ്ഞുവീഴ്ച കാണാന്‍ അടുത്തദിവസങ്ങളിലായി ഒട്ടേറെപ്പേര്‍ എത്തിയത് നഗരത്തിലും തൊട്ടടുത്ത നഗരത്തിലും വലിയ ഗതാഗതക്കുരുക്കിനു കാരണമായിയിരുന്നു. അതേസമയം മുറേ ദുരന്തമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരില്‍ പോലീസുദ്യോഗസ്ഥനും ഭാര്യയും ആറുമക്കളും പെടും. സഞ്ചാരികള്‍ക്കുപുറമേ, കുടിവെള്ളവും പാചകവാതകവും കിട്ടാതെ മഞ്ഞുവീഴ്ചയില്‍ പ്രദേശവാസികളും ബുദ്ധിമുട്ടുകയാണ്.