തിരുവനന്തപുരം: പൗൾട്രി ഫാമിൽ നിന്നും കോട പിടികൂടി. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പൂവത്തൂർ കൂടാരപ്പള്ളിക്ക് സമീപം കുമാരി നിലയത്തിൽ താമസിക്കുന്ന രജനീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പൗൾട്രി ഫാമിൽ നിന്നും ചാരായം വാറ്റുവാനായി പാകപ്പെടുത്തി പ്ലാസ്റ്റിക് ബാരലിൽ സൂക്ഷിച്ച 180 ലിറ്റർ കോടയും ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും പിടികൂടി. കഴിഞ്ഞ ദിവസം രാത്രി രജനീഷിനെ ചാരായവുമായി നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നെടുമങ്ങാട് എക്സൈസ് സംഘം ഇയാളുടെ വീട്ടുപരിസരത്ത് നടത്തിയ പരിശോധനയിലാണ് കോടയും വാറ്റുപകരണങ്ങളും കണ്ടത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരുകയാണെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. പ്രിവന്റ്റീവ് ഓഫീസർ വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റ്റീവ് ഓഫീസർ നാസറുദീൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ മിലാദ്, നജിമുദീൻ, ശ്രീകേഷ്, ഷജീർ, രജിത, ഡ്രൈവർ മുനീർ എന്നിവരും പങ്കെടുത്തു.