റിയാദ്: സൗദി പൗരത്വ വ്യവസ്ഥയിൽ പുതിയ ഭേദഗതി. വിദേശിയായ പിതാവിന്റെയും സ്വദേശിയായ മാതാവിന്റെയും മക്കൾക്ക് പൗരത്വം നൽകുന്ന വ്യവസ്ഥകൾ കൂടി ഉള്‍പ്പെടുത്തി ആർട്ടിക്കിൾ എട്ടിൽ വരുത്തിയ ഭേദഗതിക്കാണ് ഗവൺമെന്റ് അംഗീകാരം നൽകിയിരിക്കുന്നത്. ഭരണകൂടത്തിന്റെ ഔദ്യോഗിക മുഖപത്രമായ ഉമ്മുൽഖുറാ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
വിദേശിയായ പിതാവിന്റെയും സ്വദേശിയായ മാതാവിന്റെയും മക്കളുടെ പൗരത്വ അപേക്ഷയിൽ അന്തിമ തീരുമാനം ഇനിമുതൽ പ്രധാനമന്ത്രിയുടേതാണ്. അതിനുള്ള അധികാരം പ്രധാനമന്ത്രിയിൽ നിക്ഷിപ്തമാക്കുന്നതാണ് ഭേദഗതി. നിലവിൽ അന്തിമ തീരുമാനം ആഭ്യന്തര മന്ത്രിയുടേതായിരുന്നു. അതിന് പകരം ‘ആഭ്യന്തര മന്ത്രിയുടെ ശിപാർശയിന്മേൽ പ്രധാനമന്ത്രിയുടെ ഉത്തരവിലൂടെ’ എന്നാക്കിയാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
വിദേശിയായ പിതാവിന്റെയും സ്വദേശി മാതാവിന്റെയും മക്കളായി സൗദിയിൽ ജനിച്ച ആർക്കും പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാം. നിയമത്തിലെ ആർട്ടിക്കിൾ ഒമ്പത് പ്രകാരമുള്ള നിശ്ചിത നിബന്ധനകൾ പാലിച്ചാൽ പൗരത്വം അനുവദിക്കാം. പൗരത്വത്തിന് അപേക്ഷ സമർപ്പിക്കുമ്പോൾ പ്രായപൂർത്തിയായിരിക്കണം എന്നതാണ് ഒരു നിബന്ധന. കുറഞ്ഞത് 10 വർഷമെങ്കിലും സൗദിയിൽ താമസിക്കുന്നയാളായിരിക്കണം. നല്ല മനസും ശരീരവും നല്ല പെരുമാറ്റവുമുള്ള ആളായിരിക്കണം, രാജ്യത്തിന് ആവശ്യമായ തൊഴിലുകളിലേർപ്പെട്ടയാളായിരിക്കണം, ധാർമിക കുറ്റകൃത്യം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ പോലും അതിന്റെ പേരിൽ ആറ് മാസത്തിൽ കൂടുതൽ തടവുശിക്ഷ അനുഭവിച്ചയാൾ ആവാൻ പാടില്ല, അറബി ഭാഷ സംസാരിക്കാനും വായിക്കാനും എഴുതാനും നല്ല നിപുണതയുണ്ടായിരിക്കണം എന്നിവയാണ് മറ്റ് നിബന്ധനകൾ. അപേക്ഷകൻ റസിഡൻറ്സ് പെർമിറ്റ്, പാസ്‍പോർട്ട് അല്ലെങ്കിൽ അതിന് പകരമായ അധികാരിക രേഖ, മറ്റ് ആവശ്യമായ രേഖകൾ എന്നിവ പൗരത്വ അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണം.