അഹമ്മദാബാദ്: സെക്സ് വീഡിയോ കോളിന് പിന്നാലെ ഗുജറാത്തിലെ വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്ത് 2.69 കോടി രൂപ തട്ടിയതായി പരാതി. റിന്യൂവബിൾ എനർജി മേഖലയിൽ ബിസിനസ് നടത്തുന്ന വ്യവസായിക്കാണ് പണം നഷ്ടമായത്. പലതവണയായാണ് ഇയാളിൽനിന്ന് പണം തട്ടിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് മോർബിയിൽ നിന്നുള്ള റിയ ശർമ്മ എന്ന് പരിചയപ്പെടുത്തിയ സ്ത്രീയിൽ നിന്ന് ഇയാൾക്ക് ഫോൺ വന്നു. ഇരുവരും ഫോൺ വഴി കൂടുതൽ അടുത്തു. പിന്നീട് വീഡിയോ കോളിനിടെ യുവതി ഇയാളോട് വസ്ത്രങ്ങൾ അഴിയ്ക്കാൻ ആവശ്യപ്പെട്ടു. വസ്ത്രമഴിച്ച് സംസാരിച്ചതിന് പിന്നാലെ യുവതി കോൾ കട്ട് ചെയ്തു. പിന്നീടാണ് ബ്ലാക്ക് മെയിൽ ചെയ്തത്.
നഗ്ന വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കാതിരിക്കാൻ 50,000 രൂപ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. വ്യവസായി പണം നൽകുകയും ചെയ്തു. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം, വ്യവസായിയെ ദില്ലി പൊലീസിലെ ഇൻസ്‌പെക്ടർ ഗുഡ്ഡു ശർമ്മയാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. നഗ്ന വീഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്നും മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇയാൾ ആവശ്യപ്പെട്ട പണവും നൽകി. ഓഗസ്റ്റ് 14 ന്, ദില്ലി പൊലീസ് സൈബർ സെൽ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ മറ്റൊരാൾ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് 80.97 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് യുവതിയുടെ അമ്മ കേന്ദ്ര അന്വേഷണ ഏജൻസിയെ സമീപിച്ചുവെന്ന് അവകാശപ്പെട്ട് കേസ് ഒത്തുതീർപ്പാക്കാൻ 8.5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു സിബിഐ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരാൾ വിളിച്ചു.
ഡിസംബർ 15 വരെ ഇയാൾ തട്ടിപ്പുകാർക്ക് പണം നൽകി. എന്നാൽ, ദില്ലി കേസ് ഒത്തുതീർപ്പാക്കിയെന്ന ദില്ലി ഹൈക്കോടതിയുടെ വിധിയുടെ പകർപ്പ് സംശയം ജനിപ്പിച്ചു. പരിശോധനയിൽ വിധിയുടെ പകർപ്പ് വ്യാജമാണെന്ന് മനസ്സിലായതോടെ പൊലീസിനെ സമീപിച്ചു. തുടർന്ന് ജനുവരി 10ന് സൈബർ ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനിൽ 11 പേർക്കെതിരെ 2.69 കോടി രൂപ തട്ടിയെടുത്തതായി പരാതി നൽകി. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.