സുല്‍ത്താന്‍ബത്തേരി: അടക്കപറിക്കുന്നതിനിടെ കവുങ്ങ് മരം പൊട്ടി വയനാട്ടില്‍ യുവാവിന് ദാരുണന്ത്യം. പുല്‍പ്പള്ളി കാപ്പി സെറ്റ് മുതലിമാരന്‍ കോളനിയിലെ മനോജ് (35) ആണ് മരിച്ചത്. പുല്‍പ്പള്ളി ടൗണിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ അടക്ക പറിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു അപകടം. ഒപ്പം ജോലി ചെയ്തിരുന്നവര്‍ ഉടന്‍ അദ്ദേഹത്തെ പുല്‍പ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലും സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഉള്‍വശം കേടായ തുടങ്ങിയ കവുങ്ങില്‍ നിന്ന് സമീപത്തെ മറ്റൊരു കവുങ്ങിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തടിപൊട്ടി മനോജ് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് കൂടെ ജോലി ചെയ്തിരുന്നവര്‍ പറയുന്നത്. താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. നിഷയാണ് മനോജിന്റെ ഭാര്യ. മക്കള്‍: നിത്യ, മനേഷ്, മനീഷ്. മരം മുറിക്കുന്നതടക്കമുള്ള ജോലികള്‍ക്കായിരുന്നു മനോജ് പോയിരുന്നതെങ്കിലും പണി കുറവായതും അടക്കവിളവെടുപ്പ് കാലമായതിനാലും ഏതാനും ദിവസങ്ങളായി കവുങ്ങ് കയറ്റമായിരുന്നു ജോലി.
അതിനിടെ കാസര്‍കോട് വാഹനാപകടത്തില്‍ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മഞ്ചേശ്വരം മിയപദവിലാണ് അപകടം. സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. മിയപദവ് സ്വദേശികളായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു വിദ്യാർത്ഥി നമിത് കുമാറിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാളിയൂർ ജംഗ്ഷനിൽ വച്ചാണ് ഉപ്പള എംജെഐ സ്കൂളിന്‍റെ ബസും യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചത്. മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ച രണ്ട് പേരും. മിയപദവ് ബാളിയൂർ ജംഗ്ഷനിൽ വച്ച് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.