കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിന്‍റെ വിചാരണക്ക് മുന്നോടിയായുള്ള കോടതി നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി. പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് കേസിലാണ് മുഖ്യ പ്രതി ജോളി ഉള്‍പ്പടെ നാല് പ്രതികളെ കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. ജോളിക്ക് സയനൈഡ് സംഘടിപ്പ് നല്‍കിയെന്ന ആരോപണം ഉയര്‍ന്ന എം.എസ് മാത്യു,സ്വര്‍ണ്ണപണിക്കാരന്‍ പ്രജികുമാര്‍,വ്യാജ ഒസ്യത്ത് നിര്‍മ്മിച്ചെന്ന കുറ്റം ചുമത്തിയ മനോജ് കുമാര്‍ എന്നിവരെയാണ് ജഡ്ജി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്. ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ മറ്റ് പ്രതികളുടെ സഹായത്തോടെ വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകം, ഗൂഡാലോചന,വ്യാജരേഖ ചമക്കല്‍ എന്നീകുറ്റങ്ങളാണ് ജോളിക്കെതിരെ ചുമത്തിയത്.കൂടാതെ പോയ്സന്‍ ആക്ട് പ്രകാരവും ജോളിക്കെതിരെ കുറ്റം ചുമത്തി. എം.എസ് മാത്യു , പ്രജികുമാര്‍ എന്നിവര്‍ക്കെതിരെ ഗൂഡാലോചന, പ്രേരണകുറ്റം, പോയ്സന്‍ ആക്ട് എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചതാണ് നാലാം പ്രതി മനോജിനെതിരായ കുറ്റം. കേസ് ഈ മാസം 19ന് കോടതി പരിഗണിക്കുന്നുണ്ട്. ജോളി കണ്ണൂര്‍ വനിത ജയിലിലും എം.എസ് മാത്യു കോഴിക്കോട് ജില്ല ജയിലിലും റിമാന്‍റിലാണ്. മറ്റ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. സാക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കേസ് പത്തൊന്‍പതിന് പരിഗണിക്കുമ്പോള്‍ ഉണ്ടാകും.