ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നു. 1,59,632 പേർക്ക് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 327 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമാണ്. 5,90,611 സജീവ രോഗികളാണ് നിലവിലുള്ളത്. 40,863 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,623 ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 1409 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതിനിടെ നാല് സുപ്രീംകോടതി ജഡ്ജിമാർക്കും 400ലധികം പാർലമെന്റ് ജീവനക്കാർക്കും കോവിഡ് ബാധിച്ചു. ജഡ്ജിമാരിൽ രണ്ടു പേർക്ക് വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. രണ്ടു ജഡ്ജിമാർക്ക് കൂടി ഞായറാഴ്ച പോസിറ്റീവാകുകയായിരുന്നു.
സുപ്രീംകോടതിയിലെ എല്ലാ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഏതാണ് 150 ഓളം പേർ കോവിഡ് പോസ്റ്റീവ് ആകുകയോ ക്വാറന്റീനിൽ കഴിയുകയോ ആണ്. കോവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തെ തുടർന്ന് അടുത്ത ആറ് ആഴ്ചത്തേക്ക് സുപ്രീംകോടതിയിൽ നേരിട്ടുള്ള വാദം കേൾക്കൽ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു. ജനുവരി 6, 7 തീയതികളിലായി പാർലമെന്റിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിൽ 400 ലധികം ആളുകളുടെ പരിശോധന ഫലം പോസിറ്റീവാണ്.