ദില്ലി: സിബിഐക്കെതിരെ വീണ്ടും ആരോപണവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സിബിഐ വീണ്ടും തന്റെ ഓഫീസിൽ റെയ്ഡ് നടത്തിയെന്നാണ് സിസോദിയ പറയുന്നത്. എന്നാൽ, ആം ആദ്മി പാർട്ടി നേതാവിന്റെ ആരോപണം അന്വേഷണ ഏജൻസി നിഷേധിച്ചു.
സിബിഐ റെയ്ഡ് നടത്തിയെന്നും ഒന്നും കണ്ടെത്താനായില്ലെന്നുമാണ് സിസോദിയ ട്വീറ്റ് ചെയ്തത്. “എനിക്കെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല. ഞാൻ തെറ്റൊന്നും ചെയ്യാത്തതിനാൽ ഒന്നും കണ്ടെത്തില്ല”. സിസോദിയ ട്വീറ്റ് ചെയ്തു. ഇന്ന് വീണ്ടും സിബിഐ തന്റെ ഓഫീസിൽ എത്തിയിരിക്കുന്നു. അവർക്ക് സ്വാഗതം, അവർ തന്റെ വീട് റെയ്ഡ് ചെയ്തു, തന്റെ ഓഫീസ് റെയ്ഡ് ചെയ്തു, തന്റെ ലോക്കർ പരിശോധിച്ചു, തന്റെ ഗ്രാമത്തിൽ പോലും തിരച്ചിൽ നടത്തിയെന്നും സിസോദിയ ആരോപിക്കുന്നു. രേഖകൾ ശേഖരിക്കാനാണ് ഉദ്യോഗസ്ഥ സംഘം സിസോദിയയുടെ ഓഫീസിലെത്തിയതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. “മനീഷ് സിസോദിയയുടെ സ്ഥലങ്ങളിൽ സിബിഐ തിരച്ചിലോ റെയ്ഡുകളോ നടത്തുന്നില്ല. സിആർപിസി നോട്ടീസിന്റെ 91-ാം വകുപ്പ് പ്രകാരം രേഖകൾ സമർപ്പിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനായി ഒരു സിബിഐ സംഘം സിസോദിയയുടെ ഓഫീസ് സന്ദർശിച്ചു”. സി ബി ഐ വൃത്തങ്ങൾ പറഞ്ഞു.
സിആർപിസി സെക്ഷൻ 91 പ്രകാരം, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ വ്യക്തിയോട് ആവശ്യപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ട്. ഈ വകുപ്പ് പ്രകാരം രേഖകൾ ഹാജരാക്കാൻ വ്യക്തിയുടെ സാന്നിധ്യം ആവശ്യമില്ല. സിബിഐ ഉദ്യോഗസ്ഥരുടെ വരവിനെത്തുടർന്ന് സിസോദിയയുടെ ദില്ലി വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി. ദില്ലി എക്സൈസ് നയവുമായി ബന്ധപ്പെട്ട് സിസോദിയയുടെ ഓഫീസിലും വീട്ടിലും മറ്റും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. അന്ന് 12 മണിക്കൂറിലേറെയാണ് റെയ്ഡ് നീണ്ടുനിന്നത്.