മാനന്തവാടി: പുതുശ്ശേരിയില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവയെ പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയതിന് പിന്നാലെ വീണ്ടും കടുവ ഭീതി. ഇത്തവണ മാനന്തവാടി നഗരസഭ പരിധിയിലാണ് കടുവ എത്തിയിരിക്കുന്നത്. നഗരസഭയുടെ മൂന്നാംവാര്‍ഡായ പിലാക്കാവ് മണിയന്‍ക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.
ഉച്ചക്ക് രണ്ട് മണിയോട് അടുത്താണ് കടുവ എത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. മണിയന്‍കുന്ന് നടുതൊട്ടിയില്‍ ദിവാകരന്റെ രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന് ദിവാകരന്‍ പറഞ്ഞു. വീടിന് സമീപത്തെ എസ്റ്റേറ്റില്‍ മേയാന്‍ വിട്ടതായിരുന്നു. തേയില തോട്ടത്തില്‍ നിന്നും ചാടി വീണ കടുവ പശുവിനെ കടിച്ചു. അവിടെ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ ഓടിപോകുകയുമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ ഭാഗത്ത് ഒരു കിലോമീറ്റര്‍ മാറി വനപ്രദേശമുണ്ട്. സ്വാകാര്യ വ്യക്തികളുടേതായി നാനൂറോളം ഏക്കര്‍ എസ്‌റ്റേറ്റ് വനത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നുണ്ട്. കടുവ പോലെയുള്ള വന്യമൃഗങ്ങള്‍ക്ക് എളുപ്പത്തില്‍ ജനവാസ മേഖലയിലേക്ക് എത്തിപ്പെടാന്‍ ഇത് മൂലം കഴിയുന്നുണ്ട്. ശനിയാഴ്ച പശുവിനെ കൊന്ന അതേ പ്രദേശത്ത് നിന്നാണ് മുമ്പ് ആടിനെയും, പശുവിനെയും കടുവ കൊന്നിട്ടുള്ളത്.
കഴിഞ്ഞ നവംബര്‍ നാലിന് വട്ടക്കുനിയില്‍ ജോണ്‍സണ്‍ എന്ന ബിജുവിന്റെ ആടും, നവംബര്‍ 17ന് ഊന്നുകല്ലിങ്കല്‍ കുമാരന്റെ പശുക്കിടാവിനെയുമാണ് പിലാക്കാവ് മണിയന്‍ കുന്നില്‍ വെച്ച് കടുവ കൊന്നത്. വിവരമറിഞ്ഞ് ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ രാഗേഷ്, മാനന്തവാടി എസ്.ഐ. സോബിന്‍ വനം, പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഒ.ആര്‍. കേളു എം.എല്‍.എയും പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് കൂട് സ്ഥാപിക്കാനും നോര്‍ത്ത് വയനാട് ഡി.എഫ്.ഒയോട് എം.എല്‍.എ നിര്‍ദേശിച്ചു.
രണ്ട് മാസത്തിനിടെ മൂന്ന് വളര്‍ത്തുമൃഗങ്ങളാണ് മണിയന്‍കുന്നുകാര്‍ക്ക് നഷ്ടപ്പെട്ടത്. നവംബറില്‍ ആദ്യം കടുവയുടെ ആക്രമണം ഉണ്ടായപ്പോള്‍ തന്നെ വനാതിര്‍ത്തിയില്‍ വൈദ്യുത കമ്പിവേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഡിവിഷന്‍ അംഗം ഉഷ കേളു ഓണ്‍ലൈനിനോട് പറഞ്ഞു. മുമ്പ് പ്രദേശത്ത് ആനശല്ല്യവും രൂക്ഷമായിരുന്നുവെന്നും നഗരസഭ അംഗം പറഞ്ഞു. അതേ സമയം തൊണ്ടര്‍നാട് പുതുശ്ശേരി വെള്ളാരംകുന്നില്‍ കടുവ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതോടെ വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ വനംവകുപ്പും അങ്കലാപ്പിലാണ്. വന്യമൃഗങ്ങള്‍ ജനവാസമേഖലയിലെത്തിയാല്‍ തുരത്താനോ മയക്കുവെടിവെച്ച് പിടികൂടാന്‍ പരിശീലനം സിദ്ധിച്ച കൂടുതല്‍ ഉദ്യോഗസ്ഥര്‍ വയനാട്ടില്‍ ഇല്ലാത്തതാണ് കാരണം.