തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപമാകാമെന്ന വികസന നയരേഖയിലെ പരാമർശത്തിൽ എൽ.ഡി.എഫ് ഘടകകക്ഷികൾക്ക് ഭിന്നസ്വരം. സി.പി.എം സംസ്ഥാനസമ്മേളനം അംഗീകരിച്ച നയരേഖ കഴിഞ്ഞദിവസം ചേർന്ന എൽ.ഡി.എഫ് യോഗവും അംഗീകരിക്കുകയായിരുന്നു. എന്നാൽ രേഖയിൽ ചൂണ്ടിക്കാട്ടിയ പല കാര്യങ്ങളോടും സി.പി.ഐക്കും ജനതാദളിനും യോജിപ്പില്ല. ഇക്കാര്യം രേഖാമൂലം അവർ നേതൃത്വത്തെ അറിയിച്ചു. എന്നാൽ നയരേഖയെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങൾ വേഗം നടപ്പാക്കാനുള്ള നീക്കത്തിലാണ് സി.പി.എം.
എൽ.ഡി.എഫ് യോഗം നയരേഖ പാസാക്കിയെന്ന് വാർത്തസമ്മേളനത്തിൽ പറഞ്ഞ കൺവീനർ ഇ.പി. ജയരാജൻ പേക്ഷ, വിദേശ സർവകലാശാല വിഷയത്തിൽ വ്യക്തത വരുത്തിയിരുന്നില്ല. സി.പി.എമ്മിനുള്ളിൽ തന്നെ ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്ന നിലയിലായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ഇ.പി. ജയരാജന്റെയും പ്രതികരണങ്ങൾ. സാമൂഹിക നീതി അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയാണ് സി.പി.ഐക്കും ജനതാദളിനും.
ഒരുകാലത്ത് സ്വാശ്രയ കോളജുകൾക്കും സ്വകാര്യ നിക്ഷേപത്തിനും എതിരെ സമരം ചെയ്ത മുന്നണി ഈ വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്നാണ് അവരുടെ പരാതി. ഇരുകക്ഷികളുടെയും നേതാക്കൾ മുന്നണിയോഗത്തിൽ ഈ ആശങ്ക പങ്കുെവച്ചതായാണ് വിവരം. വിദേശനിക്ഷപം വരുമ്പോൾ പിന്നിൽ കാണാച്ചരടുകൾ ഉണ്ടാകും. സാമൂഹികനീതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിക്ഷേപകർക്ക് ഉണ്ടാകില്ലെന്നും അതിനാൽ ഇത് ആവശ്യമുണ്ടോയെന്നും അവർ യോഗത്തിൽ ഉന്നയിച്ചു.
ആശങ്കക്ക് വകയില്ലെന്നും വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഭാവിയിലെ പ്രശ്നങ്ങൾ ഉൾപ്പെടെ പരിശോധിച്ചേ വായ്പ എടുക്കുന്നതുൾപ്പെടെ നടപടികളിലേക്ക് കടക്കുകയുള്ളൂയെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതോടെയാണ് നയരേഖ ഘടകകക്ഷികൾ അംഗീകരിച്ചതെന്നാണ് വിവരം. എന്നാൽ കേന്ദ്ര നയങ്ങളും വായ്പയെടുക്കുന്നതിനുള്ള നിയന്ത്രണങ്ങളുമെല്ലാം പ്രശ്നം സൃഷ്ടിക്കുന്നതിനാൽ അടിസ്ഥാന സൗകര്യ വികസനത്തിന് മറ്റ് മാർഗങ്ങളിലൂടെ വായ്പയെടുക്കേണ്ടിവരുമെന്ന് സി.പി.എം നേതൃത്വം വിശദീകരിക്കുന്നു. ഇത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിവെക്കുമെന്നും നിലപാട് തിരുത്തണമെന്നും എ.ഐ.എസ്.എഫ് നേതൃത്വം ആവശ്യപ്പെടുന്നു. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പ്രതികരിച്ചിട്ടില്ല.