ബെംഗലുരു: കർണാടകയിൽ മദ്യം വാങ്ങാനുള്ള മിനിമം പ്രായം കുറയ്ക്കാൻ ആലോചന. നിലവിൽ 21 വയസാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് 18 ആക്കി കുറയ്ക്കാനാണ് ആലോചന. ഈ നിർദേശം ഉൾപ്പെടുത്തിയുള്ള കർണാടക എക്സൈസ് റൂൾസ് 2023-ന്റെ കരട് സംസ്ഥാന സർക്കാർ പുറത്തിറക്കി. കഴിഞ്ഞ വർഷം മദ്യം വിറ്റത് വഴി മാത്രം കർണ്ണാടകയ്ക്ക് കിട്ടിയ വരുമാനം 26,377 കോടി രൂപയാണ്. ഗോവ, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോൾ 18 വയസ്സിൽ മദ്യം വാങ്ങാൻ അനുമതിയുള്ളത്. കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 ആണ്.