ടെഹ്റാൻ: ഇരട്ട പൗരത്വം കണ്ടെത്തിയതിന് പിന്നാലെ മുൻ മന്ത്രിയെ ഇറാൻ തൂക്കിലേറ്റി. ബ്രിട്ടീന്റെയും ഇറാന്റെയും പൗരത്വമുണ്ടായിരുന്ന അലി റേസ അക്ബറിയെയാണ് ഇറാൻ ഭരണകൂടം തൂക്കിലേറ്റിയത്. ഇറാന്റെ ഈ നടപടി അന്താരാഷ്ട്ര സമൂഹത്തെ അമ്പരപ്പിച്ചു. ഇറാന്റെ മുൻ പ്രതിരോധ സഹമന്ത്രി ആയിരുന്നു അലി റേസ അക്ബറി.
ചാരക്കുറ്റം ആരോപിച്ച് 2019 ലാണ് അദ്ദേഹത്തെ ഇറാൻ അറസ്റ്റ് ചെയ്തത്. വിദേശ രാജ്യത്ത് കഴിയുകയായിരുന്ന അലി റേസ അക്ബറിയെ തന്ത്രപൂർവം രാജ്യത്ത് വരുത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. ബ്രിട്ടനുവേണ്ടി ഇറാന്റെ സുപ്രധാന രഹസ്യങ്ങൾ ചോർത്തി എന്നതായിരുന്നു കുറ്റം. വിചാരണ നടത്തി കുറ്റം തെളിഞ്ഞ ശേഷമാണു വധശിക്ഷയെന്ന് ഇറാൻ പറയുമ്പോഴും ബ്രിട്ടൻ അത് അംഗീകരിക്കുന്നില്ല.
പ്രാകൃത ഭരണകൂടത്തിന്റെ അതിഹീനമായ പ്രക്രിയ എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിമർശിച്ചു. അലി റേസ അക്ബറി കുറ്റസമ്മതം നടത്തി എന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഇതിന് തെളിവായി അക്ബറിയുടെ വീഡിയോയും ഇറാൻ പുറത്തുവിട്ടിരുന്നു. എന്നാൽ അക്ബറിയെ ഭീഷണിപ്പെടുത്തിയാണ് ഈ വീഡിയോ ദൃശ്യം ചിത്രീകരിച്ചതെന്ന് ബ്രിട്ടൻ പറയുന്നു.
ക്രൂരമായി പീഡിപ്പിച്ചു തന്നെക്കൊണ്ട് ഇല്ലാത്ത കാര്യങ്ങൾ സമ്മതിപ്പിച്ചുവെന്ന് അലി റേസ അക്ബറി പറയുന്ന ഓഡിയോ സന്ദേശവും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. അക്ബറിയെ തൂക്കിലേറ്റരുതെന്ന് അമേരിക്കയും ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾത്തന്നെ ഏറെ വഷളായിരിക്കുന്ന ഇറാൻ – ബ്രിട്ടൻ ബന്ധം ഈ വധശിക്ഷയോടെ കൂടുതൽ മോശമാകുന്ന നിലയാണ്.