ഇന്ത്യയിൽ ഇപ്പോഴും സ്ത്രീകളുടെ ജീവിതം നിയന്ത്രിക്കുന്നത് ചുറ്റുമുള്ള പുരുഷന്മാരാണ്. അതിന്റെ പേരിൽ ദുരിതമനുഭവിക്കുന്ന പല സ്ത്രീകളും ഉണ്ട്. ‘മരിച്ച പെൺമക്കളേക്കാൾ നല്ലതാണ്, വിവാഹമോചിതയാവുന്ന പെൺമക്കൾ’ എന്നൊക്കെ ഓരോ സ്ത്രീധന മരണവും മറ്റും ഉണ്ടാകുമ്പോൾ നാം പറയാറുണ്ട്. എന്നാൽ, ഇപ്പോഴും എത്രയൊക്കെ പീഡനം അനുഭവിച്ചാലും വിവാഹമോചനം അംഗീകരിക്കാത്ത ഒരു സമൂഹമാണ് നമ്മുടേത്. അതുപോലെ ഭർത്താവിന്റെ അടുത്ത് നിന്നും വന്ന് വീട്ടിൽ നിന്നതിന്റെ പേരിൽ ഒരച്ഛൻ മകളെ അടിച്ചു കൊന്നിരിക്കയാണ് ഉത്തർ പ്രദേശിൽ.
സിർസയിലെ ഭരത് നഗറിൽ മോണിക്ക എന്ന 30 -കാരിയെയാണ് അച്ഛൻ അടിച്ച് കൊന്നത്. ഭർത്താവിന്റെ കൂടെ താമസിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മോണിക്കയെ അച്ഛൻ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. മോണിക്കയുടെ സഹോദരൻ മിത്രസെയ്‌ൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മോണിക്കയുടെ അച്ഛൻ വേദ്പാലിനെതിരെ കൊലക്കുറ്റത്തിന് സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2008 -ലാണ് തന്റെ ഇളയ സഹോദരിയായ മോണിക്ക സിർസയിലുള്ള സത്നാം സിംഗ് ചൗക്കിൽ താമസിക്കുന്ന ചരൺജിത്തിനെ വിവാഹം കഴിച്ചതെന്ന് മിത്രസെയ്‍ൻ പറയുന്നു. എന്നാൽ, 2022 ആഗസ്തിൽ മോണിക്കയും ചരൺജിത്തും പിരിഞ്ഞു. മോണിക്ക കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.
എന്നാൽ, വേദ്‍പാലിന് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ചരൺജിത്തിനൊപ്പം തിരികെ പോകണം എന്ന് നിരന്തരം ഇയാൾ മകളോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ താനെങ്ങനെ ആളുകളുടെ മുഖത്ത് നോക്കും എന്നതായിരുന്നു ഇയാളുടെ ചോദ്യം. എന്നാൽ, മോണിക്ക ഇതിന് വിസമ്മതിച്ചു. ഇതിന്റെ പേരിൽ നിരന്തരം അച്ഛൻ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നു.
സംഭവം നടന്ന ദിവസം മിത്രസെയ്‍ൻ ജോലിക്ക് പോയിരിക്കുകയായിരുന്നു. അയാളുടെ ഭാര്യ മായയും മകൻ ഹിമാംശുവും അമ്മ കലാവതിയും മാർക്കറ്റിൽ പോയിരിക്കുകയായിരുന്നു. എന്നാൽ, രാത്രി എട്ടിനും ഒമ്പതിനും ഇടയിൽ അച്ഛൻ മകളെ ഉപദ്രവിക്കാൻ തുടങ്ങി. തടി കൊണ്ട് ഇയാൾ മോണിക്കയുടെ തലയിൽ പലപ്രാവശ്യം അടിച്ചു. ആ സമയം വീട്ടിലെത്തിയ മിത്രസെയ്‍ൻ അച്ഛനെ തടയാൻ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. അച്ഛന്റെ തല്ലുകൊണ്ടാണ് സഹോദരി മരിച്ചത് എന്നും മിത്രസെയ്‍ൻ പറഞ്ഞു.
രാജ്യത്തെ ദുരഭിമാനക്കൊലകളിൽ 30 ശതമാനത്തിലേറെയും നടക്കുന്നത് പശ്ചിമ ഉത്തർപ്രദേശിലാണ് എന്നാണ് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ (എഐഡബ്ല്യുഎ) നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നത്.