കൊച്ചി∙ ഓഹരി നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതിസ്ഥാനത്തുള്ള കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പിൽ മുൻ ജഡ്ജി നിക്ഷേപിച്ച തുക തിരികെ നൽകാൻ മുഖ്യപ്രതി എബിൻ വർഗീസ് മറിച്ചുവിറ്റ വീട് ഇയാൾ ആദ്യം വാങ്ങിയത് നിക്ഷേപകരുടെ പണംകൊണ്ടു തന്നെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ കേസിൽ മുൻ ജഡ്ജിക്കു നിയമപരമായി ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ പാടില്ലെന്ന കർശന നിർദേശമാണു പൊലീസിനു ലഭിച്ചിട്ടുള്ളത്. കോടതിയിൽ നൽകുന്ന റിമാൻഡ് റിപ്പോർട്ടിലും ജഡ്ജിയുടെ പേര് പരാമർശിക്കപ്പെടരുത് എന്നാണു നിർദേശം.
അടുത്ത ബന്ധുക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടുമെന്ന ഭീഷണിക്കു വഴങ്ങിയാണു ജഡ്ജിയുടെ പണം തിരികെ നൽകാൻ അദ്ദേഹം ചൂണ്ടിക്കാണിച്ച വ്യക്തിക്കു തന്നെ അവർ പറഞ്ഞ തുകയ്ക്കു വീടുവിറ്റതെന്നാണ് എബിൻ വർഗീസിന്റെ മൊഴി. സ്ഥാപനത്തിന്റെ സാമ്പത്തിക തകർച്ച പൂർണമായതും ഇതുകൊണ്ടാണെന്നും എബിൻ പറയുന്നു. എന്നാൽ ജഡ്ജിക്ക് എതിരെ പരാതിയില്ലെന്നും എബിൻ പൊലീസിനോടു പറഞ്ഞു.
നിക്ഷേപകരെ കബളിപ്പിച്ചു നേടിയ പണം കൊണ്ടാണു എബിൻ മൂലേപ്പാടം റോഡിലെ വീടു വാങ്ങിയതെങ്കിൽ ഇതു കേസിലെ തൊണ്ടി മുതലാണ്. ഈ വീടിന്റെ ഇപ്പോഴത്തെ ഉടമയെ കണ്ടെത്താൻ റവന്യു വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. ജഡ്ജി നിർദേശിച്ചത് അനുസരിച്ചു ഈ വീട് പുതിയ ഉടമയ്ക്കു വിറ്റതായുള്ള രേഖകളിൽ ഒപ്പിട്ടെങ്കിലും പണം തനിക്കു നേരിട്ടു ലഭിച്ചിട്ടില്ലെന്നാണു എബിന്റെ മൊഴി.
പ്രതിയുടെ മൊഴികളിൽ മുൻ ജഡ്ജിയുടെ പേരു വന്നതോടെ കേസന്വേഷണം വഴിതെറ്റിയതായാണു 100 കോടി രൂപയിൽ അധികം നഷ്ടപ്പെട്ട നിക്ഷേപകരുടെ പരാതി. ജഡ്ജിക്കു പണം തിരികെ ലഭിച്ചതു പോലെ തങ്ങൾക്കും പണം തിരികെ ലഭിക്കാനുള്ള അവകാശമുണ്ടെന്നാണു നിക്ഷേപകരുടെ നിലപാട്.
സാമ്പത്തിക കുറ്റക്കേസിലെ പ്രതി മുൻ ജഡ്ജിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചു മൊഴി നൽകിയ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ മൊഴിയെടുക്കാതെ കേസന്വേഷണം അവസാനിപ്പിച്ചാൽ വിചാരണഘട്ടത്തിൽ തിരിച്ചടിയാവുമെന്ന ആശങ്കയിലാണു പൊലീസ്.
എബിന്റെ മാസ്റ്റേഴ്സ് ഗ്രൂപ്പിൽ പണം നിക്ഷേപിച്ചു തട്ടിപ്പിന് ഇരയായ മുഴുവൻ നിക്ഷേപകർക്കും തുല്യനീതി വേണമെന്ന വാദമാണു പരാതിക്കാർ ഉയർത്തുന്നത്. തങ്ങൾക്കും അവകാശപ്പെട്ട പണം മുൻ ജഡ്ജിക്കു മാത്രമായി ലഭിക്കാൻ ഒത്താശ ചെയ്യുന്നത് ഇരട്ടനീതിയാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.