തിരുവനന്തപുരം: നയന സൂര്യന്റെ ദുരൂഹ മരണത്തില്‍ പൊലീസ് വീഴ്ചയുടെ മറ്റൊരു നിർണായക തെളിവ് കൂടി പുറത്ത്. നയന സൂര്യന്റെ വസ്ത്രങ്ങൾ മ്യൂസിയം സ്റ്റേഷനിൽ കാണാനില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം നടത്തിയ പരിശോധനയിൽ വസ്ത്രങ്ങൾ കണ്ടെത്തിയില്ല. ഫൊറൻസിക് പരിശോധനക്കയച്ച രേഖകളും സ്റ്റേഷനില്ല. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവയാണ് കാണാതായത്. ഇവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാൻ കൈമാറിയിരുന്നു. ഇവയെല്ലാം ഫൊറൻസിക് ലാബിലുണ്ടോയെന്ന് വ്യക്തമാകാൻ ക്രൈംബ്രാഞ്ച് നാളെ കത്ത് നൽകും.