ദില്ലി: തരൂർ വിവാദം തുടരുന്ന സാഹചര്യത്തിൽ പരസ്യപ്രസ്താവനകൾ പാടില്ലെന്ന് എഐസിസി. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. സാഹചര്യം നിരീക്ഷിക്കാൻ താരിഖ് അൻവറിന് എഐസിസി നിർദ്ദേശം നല്‍കിയിട്ടുണ്ട്. കെ പി സി സി അധ്യക്ഷനും, പ്രതിപക്ഷനേതാവും പരസ്പരം ചർച്ചകൾ നടത്തി മുൻപോട്ട് പോകണമെന്നും എഐസിസി നിർദ്ദേശിച്ചു.
മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിന് മറുപടിയുമായി ചെന്നിത്തല എത്തിയതോടെയാണ് കോണ്‍ഗ്രസിലെ പുതിയ വിവാദങ്ങളുടെ തുടക്കം. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് തരൂർ തിരിച്ചടിച്ചു. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു, താൻ പരിപാടികളിൽ പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കി.