കൊച്ചി∙ എടവനക്കാട് ഭാര്യയെ സംശയത്തെ തുടർന്നു കൊന്നു കുഴിച്ചിട്ട സംഭവത്തിലെ പ്രതി സജീവനായി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ച് പൊലീസ്. ഏഴു ദിവസത്തേയ്ക്കു കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. ഇത്രയും നാൾ ഒരാൾക്കു പോലും സംശയം തോന്നാത്തവിധം പിടിച്ചുനിന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്നും അപേക്ഷയിൽ പറയുന്നു. കൊലപാതകത്തിനു മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതവരുത്തുകയാണ് പ്രധാനം. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണമെന്ന ആവശ്യവും പൊലീസ് കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സജീവിനെ ഞാറക്കൽ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
കോവിഡ് കാലത്താണ് സംഭവം നടന്നതെന്നു പ്രതി പറയുന്നതിനാൽ ഇയാളുടെ മൊഴികളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അയൽവാസികൾ അറിയാതെ സിറ്റൗട്ടിനോടു ചേർന്ന് ടാർപോളിൻ കെട്ടി മറച്ചു കുഴിയെടുത്തെന്നാണ് പ്രതി പറഞ്ഞിരിക്കുന്നത്. ഇത് എത്രത്തോളം ശരിയാണെന്ന് അറിയേണ്ടതുണ്ട്. കോവിഡ് കാലത്ത് ഭാര്യ രമ്യ യാത്ര ചെയ്തു മുംബൈയിലും അവിടെനിന്നു വിദേശത്തേയ്ക്കും പോയെന്നു പറയുന്നത് നാട്ടുകാർ വിശ്വാസത്തിലെടുത്തതും സംശയത്തിനു വഴിവച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സംശയങ്ങൾ നിലനിൽക്കുന്നതിനാൽ ഏഴു ദിവസമെങ്കിലും കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.
ഭാര്യ രമ്യയെ വീടിന്റെ ടെറസിൽ വച്ചു കൊലപ്പെടുത്തി എന്നാണ് പ്രതി വെളിപ്പെടുത്തിയിരിക്കുന്നത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേയ്ക്കു നയിച്ചതെന്നു ചോദ്യം ചെയ്യലിൽ സജീവൻ പറഞ്ഞിട്ടുണ്ട്. 2021 ഓഗസ്റ്റ് 16ന് രാവിലെ എട്ടിനായിരുന്നത്രെ കൊലപാതകം. വീടിന്റെ ടെറസിലിരുന്നപ്പോൾ രമ്യ ആരോടോ സംസാരിക്കുന്നത് കേട്ടു ചോദ്യംചെയ്‌തപ്പോൾ വാക്കുതർക്കമുണ്ടായി. മൊബൈൽഫോൺ തട്ടിപ്പറിച്ച് ടെറസിൽ കയറിയപ്പോൾ ഇരുവരും തമ്മിൽ മൽപ്പിടിത്തമായി. ടെറസിൽ കിടന്ന കയറെടുത്ത് രമ്യയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പറയുന്നു. മൃതദേഹം വീടിനു മുകളിൽ കിടത്തി രാത്രി 12ന് മൃതദേഹം ഒറ്റയ്‌ക്ക് വലിച്ചു പടിയിലൂടെ താഴെയിറക്കി കുഴിവെട്ടി മൂടി എന്നാണ് സജീവൻ പറയുന്നത്.