തിരുവനന്തപുരം: ഗുണ്ടാ – റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ റെയിൽവെ പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. തിരുവനന്തപുരത്തെ ഗുണ്ടാ ബന്ധം സംബന്ധിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുമെന്നാണ് വിവരം.
പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എസ്ഐ, ഇൻസ്പെക്ടർ, ഡിവൈഎസ്‌പി റാങ്കിലുള്ളവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കിടെ തലസ്ഥാനത്ത് നടന്നത് അമ്പരിപ്പിക്കുന്ന അക്രമസംഭവങ്ങളായിരുന്നു ഒരിടവേളയ്ക്ക് ശേഷം സജീവമായ രണ്ട് ഗുണ്ടാനേതാക്കളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒരാഴ്ചക്കിടെ തിരുവനന്തപുരം കണ്ട ഗുണ്ടാ ആക്രമണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ജനുവരി 7
തിരുവനന്തപുരം നഗരത്തിൽ പാറ്റൂരിൽ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക. കാറിൽ സഞ്ചരിച്ച അഞ്ച് പേരെ ഗുണ്ടാ നേതാവ് ഓംപ്രകാശിന്‍റെ നേതൃത്വത്തിലുളള സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. വെട്ടുകിട്ടിയവർ , സാമ്പത്തിക തർക്കത്തിന്‍റെ പേരിൽ വീട്ടിൽ കയറി അതിക്രമം കാണിച്ച കേസിലെ പ്രതികളായ നിതിനും സംഘവും.
ജനുവരി 10
മറ്റൊരു ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷും സംഘവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി.പൊലീസിനെ വെട്ടിച്ച് കടന്ന രാജേഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
ജനുവരി 11
ലഹരിക്കച്ചവടത്തിലെ പണമിടപാടിന്‍റെ പേരിൽ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ.കഞ്ചാവ് കേസിൽ പ്രതിയായ പുത്തൻതോപ്പ് സ്വദേശി നിഖിലിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മർദിച്ചു. ഷമീർ, ഷഫീഖ് എന്നിവരടങ്ങുന്ന സംഘം വാള് കാട്ടി ഭീഷണിപ്പെടുത്തി ബൈക്ക് തട്ടിയെടുത്തു. മോചിപ്പിക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ വേണമെന്ന് നിഖിലിന്‍റെ അച്ഛനോട് ആവശ്യപ്പെട്ടു. ലൊക്കേഷനും അയച്ചുകൊടുത്തു. അത് കേന്ദ്രീകരിച്ച് പൊലീസ് എത്തിയപ്പോൾ നിഖിലിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ജനുവരി 13
നിഖിലിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ഷമീർ,ഷഫീഖ് എന്നിവരെ അറസ്റ്റ് ചെയ്യാൻ കണിയാപുരത്തെ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരെ ബോംബേറുണ്ടായി. കീഴ്പ്പെടുത്താൻ നോക്കിയപ്പോൾ ഇരുവരുടെയും അമ്മ ഷീജ പൊലീസിന് നേരെ മഴുവെറിഞ്ഞു. ബോംബെറിഞ്ഞ് ഷഫീഖ് രക്ഷപ്പെട്ടു. കസ്റ്റഡിയിലെടുത്ത ഷമീർ ലോക്കപ്പിൽവച്ച് കൈഞരമ്പ് മുറിച്ചു.
ജനുവരി 15
പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി ഷഫീഖും കൂട്ടാളി അബിനും പിടിയിലായി. പൊലീസിൻറെ കണ്ണ് വെട്ടിച്ച് മുങ്ങിയ ഷെഫീഖും അബിനും ശനിയാഴ്ച രാത്രി കഴിഞ്ഞത് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി രാജശഖരൻ നായരുടെ സഹോദരൻ ശ്രീകുമാറിൻറെ നിർമാണം നടക്കുന്ന വീട്ടിലാണ്. രാവിലെ വീട് നനക്കാനെത്തിയ ശ്രീകുമാറിനെ ഇരുവരും ക്രൂരമായി ആക്രമിച്ചു. കല്ല് കൊണ്ട് ശ്രീകുമാറിന്‍റെ തലക്കടിച്ച് കിണറ്റിലേക്ക് തള്ളിയിട്ട് രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ ഇരുവരെയും പിടികൂടുകയായിരുന്നു.
ഇതുപോലെ ഗുണ്ടാ സംഘങ്ങൾ ആരെയും എപ്പോഴും ആക്രമിക്കാവുന്ന നഗരമായി തിരുവനന്തപുരം മാറുന്നു. ഈ ഗുണ്ടാസംഘങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇവരുടെ പൊലിസ് ബന്ധങ്ങളും ഈ ദിവസങ്ങളിൽ പുറത്തുവന്നത്. ഗുണ്ടാ സംഘത്തിൽ പെട്ടവർക്കെതിരായ പരാതികൾ ഒതുക്കാൻ മൂന്ന് പൊലിസ് ഉദ്യോഗസ്ഥർ ഇടനിലക്കാരായി എന്ന വിവരം സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ചുവരികയുമാണ്.