തിരുവനന്തപുരം : ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ജോയ് എന്ന ജോയ് ആന്റണിയെ കോടതി ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിയ്ക്കണം. ജീവപര്യന്ത തടവിന് പുറമേ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
2013 ആഗസ്റ്റ് മൂന്നിനാണ് സുനിയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്നും കണ്ടെത്തിയത്. സുനിതയെ ഭർത്താവ് ജോയി ആൻറെണി ചുട്ടുകൊന്ന് പല കഷണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലിട്ടുവെന്നാണ് പൊലീസിന്റെ കുറ്റപത്രം. എന്നാൽ ജോയ്, കൊല്ലപെടുത്തി പല കഷ്ണങ്ങളായി സെപ്റ്റി ടാങ്കിൽ ഉപേക്ഷിച്ചത് സുനിതയാണെന്ന് തെളിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധന ഫലം പൊലീസ് കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇതോടെ കൊല്ലപ്പെട്ടത് സുനിതയാണെന്ന് തെളിയിക്കാൻ രേഖകളൊന്നുമില്ലെന്ന് പ്രതിഭാഗം വാദിച്ചു. വിചാരണ വേളയിൽ പൊലീസിൻെറ വീഴ്ച പുറത്തുവന്നതോടെ കോടതിയിടപെട്ട് മക്കളുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് മരിച്ചത് സുനിതയെന്ന് സ്ഥിരീകരിച്ചത്.