സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറെൻറുകളിലും ഉൾപ്പെടെ ഒരിടത്തും ഇനി പച്ച മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് തയാറാക്കില്ലെന്ന വാർത്ത നാം അറിഞ്ഞതാണ്. വെജിറ്റബിൾ മയൊണൈസ് അല്ലെങ്കിൽ, പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് മാത്രമേ ഇനി വിതരണം ചെയ്യൂ.
പലരുടെയും ഇഷ്ടഭക്ഷണമായ ഷവർമ, കുഴിമന്തി എന്നിവയിൽ അതിനൊപ്പമുള്ള ഒന്നാണ് മയോണൈസ്. ഷവർമയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് മയോണൈസ് ആണ്. ശരിയായ രീതിയിൽ മയോണൈസ് പാകം ചെയ്തില്ലെങ്കിൽ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുക. മുട്ട നല്ലതുപോലെ കഴുകി ചെറുതായി ചൂടാക്കി അതിന്റെ വെള്ള ഉപയോഗിച്ച് വേണം മയോണൈസ് തയ്യാറാക്കാൻ. ഒരു മണിക്കൂറോ രണ്ട് മണിക്കൂറോ മാത്രമാണ് മയോണൈസ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാനാവൂ.
വേവിക്കാത്ത മുട്ടയാണ് ഇതിൽ ഉപയോഗിക്കുന്നത്. അത് സാൽമൊണല്ല ബാക്ടീരിയ വളരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഈ ബാക്ടീരിയ ശരീരത്തിലെത്തിയാൽ പനി, വയറിളക്കം എന്നിവ ഉണ്ടാകാം. കേടായ മയോണൈസ് പല അസ്വസ്ഥകൾക്കും കാരണമാകും. അത് കൂടാതെ മയോണൈസിൽ കലോറി കൂടുതലാണ്. അത് കൂടുതൽ കലോറി ശരീരത്തിലെത്തുന്നതിന് കാരണമാകുന്നു.
വെജിറ്റബിൾ മയൊണൈസ് തയ്യാറാക്കുമ്പോൾ മുട്ട ചേർത്തുള്ള മയൊണെെസിന്റെ അതേ രുചി ലഭിക്കുമോ? എന്നതിനെ കുറിച്ച് പലർക്കും സംശയം ഉണ്ടാകാം. ഇതിനെ കുറിച്ച് ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. രാജേഷ് വിശദീകരിക്കുന്നു…
‘ സാധാരാണ മയോണെെസ് ഉണ്ടാക്കുമ്പോൾ ഒരു വെജിറ്റബിൾ ഓയിൽ ഉപയോഗിക്കുന്നു. 70 ശതമാനം വെജിറ്റബിൾ ഓയിലും 30 ശതമാനം പ്രോട്ടീനുമാണ്. പ്രോട്ടീനായി മുട്ട ഉപയോഗിക്കുന്നു. ചിലർ അതിൽ വിനാഗിരി ഉപയോഗിക്കാറുണ്ട്. ചിലർ രുചികൂട്ടാനായി ഉപ്പും പഞ്ചസാരയും ഉപയോഗിക്കാറുണ്ട്. മയോണെെസിന്റെ ഒരു പ്രശ്നം എന്ന് പറയുന്നത് ഒന്നും തന്നെ വേവിക്കാതെയാണ് ഉപയോഗിക്കുന്നത് എന്നതാണ്. അത് കൊണ്ട് തന്നെ മുട്ടയ്ക്കകത്തുള്ള ബാക്ടീരിയ സാൽമൊണല്ല വർദ്ധിക്കുന്നു. അത് കൊണ്ടാണ് വേവിക്കാതെ ഉപയോഗിക്കരുതെന്ന് പറയുന്നത്. വെജിറ്റബിൾ മയോണെെസ് എന്ന് പറയുന്നത് മുട്ടയ്ക്ക് പകരം മിൽക്ക് ക്രീമാണ് ഉപയോഗിക്കുന്നത്. മിൽക്ക് ക്രീം ഉപയോഗിക്കുമ്പോൾ മയൊണെെസിന് രുചിയിൽ ചെറിയൊരു വ്യത്യാസം മാത്രമേ വരികയുള്ളൂ. പാലിന്റെ രുചി ഇഷ്ടമുള്ളവർക്ക് വെജിറ്റബിൾ മയോണെസ് ഇഷ്ടമാകും.
വെജിറ്റബിൾ മയൊണൈസിനായി മിൽക്ക് ക്രീമോ അല്ലെങ്കിൽ പാൽ ചൂടാക്കി തണുപ്പിച്ച് ഫ്രിഡ്ജിൽ വച്ച ശേഷമോ ഉപയോഗിക്കാം. അത് കൊണ്ട് തന്നെ പുറത്ത് കുറച്ച് സമയം ഇരുന്നാലും വലിയ കേടുകൂടാതെയിരിക്കുകയും ചെയ്യും…’ – ഡോ. രാജേഷ് പറഞ്ഞു.