ന്യൂഡൽഹി : മുസ്ലീം സ്ത്രീകളെ ലേലത്തിനുവെച്ച് വിവാദത്തിലായ സുള്ളി ഡീൽസ് ആപ്ലിക്കേഷൻ നിർമിച്ചയാൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിയായ ഓംകരേശ്വർ ഠാക്കൂറിനെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. സുള്ളി ഡീൽസ് ആപ്പ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റാണിത്. കഴിഞ്ഞവർഷമാണ് ഗിറ്റ്ഹബ്ബ് പ്ലാറ്റ്ഫോമിൽ നിർമിച്ച സുള്ളി ഡീൽസ് ആപ്പിലൂടെ മുസ്ലീം സ്ത്രീകളെ ലേലത്തിന് വെച്ചത്. സംഭവം വിവാദമായതോടെ അന്ന് പോലീസ് കേസെടുത്തിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കഴിഞ്ഞദിവസങ്ങളിൽ ബുള്ളി ഭായ് എന്ന പേരിലുള്ള ആപ്പിലും മുസ്ലീംസ്ത്രീകളെ ലേലത്തിന് വെച്ച സംഭവമുണ്ടായി. ബുള്ളി ഭായ് ആപ്പിനെ സംബന്ധിച്ച് നിരവധി പരാതികളും ഉയർന്നു. ഇതോടെ വിപുലമായ അന്വേഷണം നടക്കുകയും ആപ്പിന് പിന്നിൽ പ്രവർത്തിച്ചവർ പിടിയിലാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നേരത്തെ രജിസ്റ്റർ ചെയ്ത സുള്ളി ഡീൽസ് കേസിലും ഊർജിതമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
ബുള്ളിഭായ് കേസിൽ അറസ്റ്റിലായ നീരജ് ബിഷ്ണോയിൽനിന്നാണ് ഇന്ദോർ സ്വദേശിയായ ഓം ഠാക്കൂറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. സുള്ളി ഡീൽസ് കേസിലെ പ്രധാന സൂത്രധാരൻ ഓം ഠാക്കൂറാണെന്നാണ് ഡൽഹി പോലീസ് പറയുന്നത്. ഇന്ദോറിലെ ഐപിഎസ് അക്കാദമിയിൽനിന്ന് ബി.സി.എ പൂർത്തിയാക്കിയ ആളാണ് പ്രതി. ഇന്ദോറിലെ ന്യൂയോർക്ക് സിറ്റി ടൗൺഷിപ്പിലാണ് താമസം. ഗിറ്റ്ഹബ്ബിൽ സുള്ളി ഡീൽസ് ആപ്പ് നിർമിച്ച ശേഷം ഇത് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
2020 ജനുവരിയിൽ ഇയാൾ ട്രേഡ് മഹാസഭ എന്ന ട്വിറ്റർ ഗ്രൂപ്പിൽ ചേർന്നിരുന്നു. മുസ്ലീം സ്ത്രീകളെ എങ്ങനെ പരിഹസിക്കാം എന്നതായിരുന്നു ഈ ഗ്രൂപ്പിലെ പ്രധാന ചർച്ച. സുള്ളി ഡീൽസ് ആപ്പ് നിർമിച്ചതിന് പിന്നാലെ ഈ ട്വിറ്റർ ഗ്രൂപ്പിലെ അംഗങ്ങളാണ് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ കൈമാറിയതെന്നും പോലീസ് പറഞ്ഞു. സുള്ളി ഡീൽസിനെതിരേ പരാതി ഉയരുകയും സംഭവം വാർത്തയാവുകയും ചെയ്തതോടെ ഠാക്കൂർ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.