കൊച്ചി/പെരിന്തൽമണ്ണ ∙ പെരിന്തൽമണ്ണ മണ്ഡലത്തിലെ തപാൽവോട്ട് അടങ്ങിയ പെട്ടി കാണാതായ സംഭവം അതീവ ഗൗരവതരമെന്ന് ഹൈക്കോടതി. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എതിർസ്ഥാനാർഥി കെ.പി.മുഹമ്മദ് മുസ്തഫ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ഇക്കാര്യം വാക്കാൽ പറഞ്ഞത്.
സബ് കലക്ടറുടെ റിപ്പോർട്ടിൽ മറുപടിക്കായി ഹർജിക്കാർ ഉൾപ്പെടെ സമയം തേടിയതിനെ തുടർന്ന് ഹർജി 31ന് പരിഗണിക്കാൻ മാറ്റി.സംഭവത്തിൽ റിട്ടേണിങ് ഓഫിസറായ സബ് കലക്ടർ നൽകിയ റിപ്പോർട്ട് ഇരുകക്ഷികൾക്കും നൽകാൻ കോടതി നിർദേശിച്ചു. കേസിൽ തിരഞ്ഞെടുപ്പ് കമ്മിഷനെയും സബ് കലക്ടറെയും കക്ഷിചേർക്കാനും നിർദേശം നൽകി. റജിസ്ട്രാറിൽനിന്നു കോടതി വിശദാംശങ്ങൾ കേട്ടു. കാണാതായി പിന്നീട് തിരിച്ചുകിട്ടിയതടക്കം ഇന്നലെ ഹാജരാക്കിയ 2 പെട്ടികളും ഹൈക്കോടതിയുടെ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കാൻ നിർദേശം നൽകി. സർക്കാർ ട്രഷറിയിൽ സൂക്ഷിച്ച് താക്കോൽ ഹൈക്കോടതിയിൽ നൽകാം എന്ന നിർദേശം കോടതി കണക്കിലെടുത്തില്ല.
അതേസമയം, പെട്ടി മാറിപ്പോയ സംഭവത്തിൽ 4 ഉദ്യോഗസ്ഥർക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ മലപ്പുറം കലക്ടർ വി.ആർ.പ്രേംകുമാർ കാരണംകാണിക്കൽ നോട്ടിസ് നൽകി. പെട്ടി കൃത്യമായി പരിശോധിക്കാതെ കൈമാറുകയും ഏറ്റുവാങ്ങുകയും ചെയ്തതിന് പെരിന്തൽമണ്ണ സബ് ട്രഷറിയിലെയും ജില്ലാ സഹകരണ സംഘം ജനറൽ ജോയിന്റ് റജിസ്ട്രാർ ഓഫിസിലെയും ഉദ്യോഗസ്ഥർക്കാണ് നോട്ടിസ് നൽകിയത്.