തിരുവനന്തപുരം : ഗുണ്ടാ ബന്ധമുളള പൊലീസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധനക്ക് ഡിജിപിയുടെ നിർദ്ദേശം. പൊലീസുകാരുടെയും എസ്ഐമാരുടെയും പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം. അതിനിടെ രഹസ്യവിവരങ്ങൾ നൽകേണ്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ് പി ഗുണ്ടാ സംഘങ്ങളുടെ ഒത്ത് ചേരലിൽ പങ്കെടുത്തുവെന്ന ആരോപണം അന്വേഷിക്കും.
തലസ്ഥാന ഗുണ്ടാ- പൊലീസ് ബന്ധം പുറത്തുവരുകയും ഡിവൈഎസ്പിമാർക്കും ഇൻസ്പെക്ടർമാർക്കുമെതിരായ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തുടരന്വേഷണത്തിനുള്ള തീരുമാനം. ഇൻറലിജൻസ് എഡിജിപിയുടെ നിർദ്ദേശ പ്രകാശം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ർമാരുടെയും ഡിവൈഎസ്പിമാരുടെയും റിപ്പോർട്ടുകള്‍ തയ്യാറാക്കുന്നുണ്ട്. ഓരോ സ്റ്റേഷനിലെയും പൊലീസുകാരുടെയും എസ്മാരുടെയും പ്രവർത്തനങ്ങള്‍ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം. ജില്ലാ സെപ്ഷ്ൽ ബ്രാഞ്ച് ഡിവൈഎസ്പിമാർ റിപ്പോർട്ട് തയ്യാറാക്കണം
അതേസമയം ജില്ലാകളിൽ ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസുാകരെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ ചില ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർ വീഴ്ചവരുത്തുന്നുണ്ടെന്ന വിലയിരുത്തൽ ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്. അതിനാൽ ജില്ലാ പൊലീസ് മേധാവിമാരുടെയും സ്പെഷ്യൽ ബരാഞ്ച് ഡിവൈഎസ്പിമാരുടെയും യോഗം വൈകാതെ വിളിക്കും. പൊലീസുകാരുടെ പ്രവർത്തനങ്ങള്‍ രഹസ്യമായി പരിശോധിച്ച് റിപ്പോർട്ട് ചെയ്യേണ്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി തന്നെ ആരോപണ വിധേയനായ സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിക്കുന്നത്.
തിരുവനന്തപുരം റൂറൽ സെപ്ഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന വിജയകുമാർ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലിൽ പങ്കെടുത്തുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉത്തരവിട്ടിട്ടുണ്ട്. രഹസ്യ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടാകുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം തിരുവനന്തപുരം നഗരത്തിലും- മംഗലപുരത്തുമുണ്ടായ. ഗുണ്ടാ ആക്രമണങ്ങളിൽ ഗുണ്ടാനേതാക്കള്‍ ഉല്‍പ്പെടെ ഒളിവിലുളള പ്രതികളെ പിടികൂടാൻ പൊലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല. പാറ്റൂർ കേസന്വേഷിച്ചിരുന്നു ഉദ്യോഗസ്ഥനും മംഗലപുരം എസ്എച്ച്ഒയും സസ്പെൻഷനിലായതോടെ പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ പകരം നിയമിക്കേണ്ടതുണ്ട്.