ന്യൂഡല്‍ഹി: എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ്. ഇതിനായി ഗ്രാമപ്രദേശങ്ങളുടെ ചാരുതയും അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളും കണ്ടെത്തി അനുഭവവേദ്യമാക്കും. പുതിയ ലക്ഷ്യസ്ഥാനങ്ങളും നൂതനമായ ടൂറിസം സര്‍ക്യൂട്ടുകളും അവതരിപ്പിക്കും.
ഉത്തരവാദിത്ത ടൂറിസം സംരംഭം വിപുലീകരിക്കുകയും വിനോദസഞ്ചാരികള്‍ക്ക് ഗ്രാമീണ ജീവിതവും പ്രാദേശിക സമൂഹങ്ങളും പ്രയോജനപ്പെടുത്താന്‍ അനുവദിക്കുകയും മികച്ച കണക്ടിവിറ്റി ഉറപ്പാക്കുകയും ചെയ്യുമെന്നും കേരള ടൂറിസം ഡല്‍ഹിയിൽ സംഘടിപ്പിച്ച പാര്‍ട്ണര്‍ഷിപ് മീറ്റിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) എസ്. ശ്രീകുമാര്‍ പറഞ്ഞു.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപറേറ്റര്‍മാരും ട്രാവല്‍ ഏജന്‍റുമാരും പാര്‍ട്ണര്‍ഷിപ് മീറ്റില്‍ പങ്കെടുത്തു. കേരളത്തെ ഗ്ലോബല്‍ വെഡ്ഡിങ് ഡെസ്റ്റിനേഷനായും ഹണിമൂണ്‍ ഡെസ്റ്റിനേഷനായും പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.