കോഴിക്കോട് : ഇടത് മുന്നണിയുമായി എൽഡിഎഫ് സർക്കാരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സമസ്തയുടെ യുവജന വിഭാഗമായ എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. കമ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്നവർ എല്ലാവരും വിശ്വാസികൾ അല്ലാത്തവരാണെന്ന് പറയുന്നില്ല. പല സാഹചര്യങ്ങൾക്കൊണ്ട് സിപിഎമ്മുമായി സഹകരിച്ചുപോരുന്നവരുണ്ട്. ആ പാർട്ടിയിൽ പ്രവർത്തിക്കുന്നവരുണ്ട്. അവരെല്ലാം നിരീക്ഷകത്വം അംഗീകരിച്ചവരോ ഇടത് സൈദ്ധാന്തിക ദർശനം പഠിച്ചവരോ ആയിക്കൊള്ളമെന്നില്ല. ഇവർ മതവിശ്വാസികളല്ലെന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്നും പൂക്കോട്ടൂർ പറഞ്ഞു. സമസ്തയുടെ അഭിമുഖം പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോയവർ പള്ളിയുമായും മദ്രസകളുമായുമെല്ലാം സഹകരിച്ചുപ്രവർത്തിക്കുന്നുണ്ട്. അത്തരം ആളുകളെയൊന്നും വെറുപ്പിക്കുന്ന സമീപനം സമസ്ത മുമ്പും ഇപ്പോഴും സ്വീകരിച്ചിട്ടില്ല. സമസ്ത സർക്കാരിനോട് സഹകരിക്കുന്നുണ്ട്.
ഭരിക്കുന്ന സർക്കാരിൽ നിന്ന് ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി വിദ്വേഷ സമീപനം സ്വീകരിക്കാതെ സഹകരിച്ചുപോരുന്നുണ്ട്. അത് വിമർശിക്കപ്പെടേണ്ട സാഹചര്യമില്ല. അത് തന്ത്രപരമായ നീക്കമാണ്. കേരളം ഭരിക്കുന്നത് പൂർണ്ണമായും കമ്യൂണിസ്റ്റുകളല്ല. അതിൽ മതവിശ്വാസികളുമുണ്ട്. കാര്യങ്ങളെ വേർതിരിച്ച് കാണാനുള്ള വിവേകം ബുദ്ധിയുള്ളവർക്കുണ്ട്. ബാക്കിയുള്ളവർ വെറുതെ വിവാദമുണ്ടാക്കുകയാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ഇടതുമുന്നണിയുമായുള്ള സഹകരണം സംബന്ധിച്ച് സമസ്തയിൽ തന്നെ ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുസ്ലിം ലീഗുമായി ഏറെ അടുപ്പം പുലർത്തുന്ന അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
നേരത്തെ വഖഫ് വിഷയത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വീകരിച്ച സമീപനം സംസ്ഥാന സർക്കാരിനെ ഗുണകരമായിരുന്നു. എന്നും ഒപ്പം നിന്നിരുന്ന സമസ്തയുടെ ഈ നിലപാട് ലീഗിന് അപ്രതീക്ഷിത തിരിച്ചടിയാവുകയും ചെയ്തിരുന്നു. ഇതിനിടെ കമ്യൂണിസത്തിനെതിരേ സമസ്തയിലെ ഒരു വിഭാഗം അവതരിപ്പിച്ച പ്രമേയം ജിഫ്രി തങ്ങൾ പരസ്യമായി തള്ളിപ്പറയുകയും ചെയ്യുകയുണ്ടായി. സർക്കാരിനോടും ഇടത് മുന്നണിയോട് സഹകരിക്കുന്നതിൽ തെറ്റില്ലെന്ന സമസ്തയുടെ നിലപാട് സ്വാഗതം ചെയ്യുന്നതായി കെ.ടി.ജലീൽ എംഎൽഎ പറഞ്ഞു. അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.