ആലപ്പുഴ∙ ലഹരിക്കടത്ത് കേസില്‍ സിപിഎം നേതാവ് ഷാനവാസിനെതിരെ പൊലീസ് റിപ്പോർട്ട്. ഷാനവാസിന് ക്രിമിനൽ – ക്വട്ടേഷൻ – ലഹരി സംഘങ്ങളുമായി ബന്ധം. സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നു. സമ്പത്തുണ്ടാക്കുന്നത് രാഷ്ട്രീയ പിൻബലത്തിലെന്നും റിപ്പോർട്ടിൽ. ഡിജിപിയ്ക്കും ആഭ്യന്തര വകുപ്പിനും റിപ്പോര്‍ട്ട് നല്‍കി. പൊലീസ് നൽകിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ ലഭിച്ചു.
മൂന്നു ഭാഗങ്ങളായാണ് റിപ്പോർട്ട് തയാറാക്കിയത്. ഷാനവാസിന്റെ പാർട്ടിയിലുള്ള സ്ഥാനത്തെ കുറിച്ചുള്ളതാണ് ആദ്യ ഭാഗം. എടിഎം സ്ഥാപിക്കുന്നതിനും മൊബൈൽ ടവർ സ്ഥാപിക്കുന്നതിനും സ്ഥലമേറ്റെടുത്തു കൊടുക്കുന്ന ഇടപാടുണ്ട് ഷാനവാസിന്. കരുനാഗപ്പള്ളിയിൽ പിടിയിലായ ലോറി അടക്കം നാലു വാഹനങ്ങളുണ്ട് ഷാനവാസിന്.
രണ്ടാം ഭാഗത്ത് ഷാനവാസ് നടത്തുന്ന ക്രിമിനൽ–ക്വട്ടേഷൻ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഷാനവാസിന് ക്രിമിനൽ – ക്വട്ടേഷൻ – ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലഹരിക്കടത്തിൽ പിടിയിലായ ഇജാസ് ഷാനവാസിന്റെ ബിനാമിയാണെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം അടക്കമുള്ള കേസുകളിൽ പ്രതിയായ കോഴഞ്ചേരി സ്വദേശിയായ ഷാരോൺ എന്ന ഗുണ്ടയ്ക്ക് 15,000 രൂപ ചെലവിൽ ഷാനവാസ് വീടെടുത്ത് നൽകിയിട്ടുണ്ട്.
സാമ്പത്തിക ഇടപാടിൽ ഇടനില നിന്നുകൊണ്ട് അതിന്റെ വിഹിതം വാങ്ങിച്ചെടുക്കും. ഈ വിഹിതം റിയൽ എസ്റ്റേറ്റ് ഇടപാടിലും ബെനാമി ഇടപാടിലും മുടക്കുന്നു എന്നതാണ് മറ്റൊരു കണ്ടെത്തൽ. രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണ് ഷാനവാസ് സമ്പത്ത് ഉണ്ടാക്കുന്നത് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഷാനവാസിനെതിരായ വിവാദങ്ങൾ സർക്കാരിനെ എങ്ങനെ ബാധിക്കുമെന്നാണ് റിപ്പോർട്ടിന്റെ മൂന്നാം ഭാഗത്തിൽ സൂചിപ്പിക്കുന്നത്. ഷാനവാസിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഭാവിയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.