തിരുവനന്തപുരം ∙ വൈദ്യുതി സർചാർജ് ഈടാക്കുന്നതു സംബന്ധിച്ച റഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് ഒരു മാസത്തിനുള്ളിൽ ഉണ്ടാകും. ഇതു സംബന്ധിച്ച ഹിയറിങ് കമ്മിഷൻ പൂർത്തിയാക്കി.
2021 ഒക്ടോബർ 1 മുതൽ കഴിഞ്ഞ മാർച്ച് 31 വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇന്ധനച്ചെലവ് ഇനത്തിൽ അധികം ചെലവായ തുക ഈടാക്കാൻ യൂണിറ്റിനു 3 പൈസ വീതം സർചാർജ് ചുമത്തണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം. ഇതിനു പുറമേ കഴിഞ്ഞ ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള ചെലവ് നികത്താൻ യൂണിറ്റിനു 14 പൈസയാണ് സർചാർജ് ആയി ബോർഡ് ആവശ്യപ്പെട്ടത്. ബോർഡിന്റെ ആവശ്യം അതേപടി കമ്മിഷൻ അംഗീകരിക്കില്ല. എങ്കിലും ചെറിയ തോതിൽ സർചാർജ് ഈടാക്കാൻ അനുവദിക്കാനാണ് സാധ്യത.
കൽക്കരി ക്ഷാമവും ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന നിർദേശവുമാണ് വൈദ്യുതി വിലവർധനയ്ക്കു കാരണമെന്നു വാദിച്ച ബോർഡ് പ്രതിനിധികൾ ഇതു സംബന്ധിച്ച കണക്കുകളും ഹാജരാക്കി. അടുത്തകാലത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ വീണ്ടും അധികഭാരം ചുമത്തുന്നതു തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് എച്ച്ടി, ഇഎച്ച്ടി ഉപയോക്താക്കൾ വാദിച്ചു. സർചാർജ് ചുമത്തുന്നതിനെ ഗാർഹിക ഉപയോക്താക്കളുടെ പ്രതിനിധികളും എതിർത്തു.