തിരുവനന്തപുരം: കേന്ദ്രം നൽകുന്ന ധനസഹായം കൊണ്ടാണ് കേരളം പിടിച്ചു നിൽക്കുന്നതെന്നത് ചിലർ നടത്തുന്ന കള്ള പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഎസ്ടി വകുപ്പ് പുനസംഘടനാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നിയമം ആറാം വർഷത്തിലേക്ക് കടന്നിട്ടും സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. ജിഎസ് ടി കൗൺസിലിൽ സംസ്ഥാനങ്ങൾക്ക് പരിമിതമായ സ്വാധീനം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചെക്പോസ്റ്റ് സംവിധാനം ഇല്ലാതായതോടെ നികുതി വെട്ടിപ്പ് നിരവധി മാർഗങ്ങളിലൂടെ നടക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നികുതി സംബന്ധമായ വിഷയങ്ങളിൽ നൈപുണ്യമുള്ള ആളുകളുടെ സഹായം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ജിഎസ്ടി കൗൺസിലിൽ സംസ്ഥാനങ്ങളുടെ അധികാരം പരിമിതമാണ്. നികുതി വരുമാനം വർധിപ്പിക്കാനെന്ന പേരിൽ അവശ്യ സാധനങ്ങളുടെയും ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും നികുതി കേന്ദ്രം വർധിപ്പിച്ചു. അതിനെതിരെ ജിഎസ്ടി കൗൺസിലിലടക്കം കേരളം ശബ്ദമുയർത്തി. നിത്യോപയോഗ സാധനങ്ങൾക്ക് പകരം ആഡംബര ഉൽപ്പന്നങ്ങളുടെ നികുതി വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. കേന്ദ്രം അതിന് ചെവിക്കൊടുത്തില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മതത്തോടെയാണ് നികുതി ഭാരം ചുമത്തിയതെന്നാണ് കേന്ദ്രമന്ത്രി അടക്കം പറയുന്നത്. എന്നിട്ട് ആഡംബര വസ്തുക്കളുടെ നികുതി കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
സംസ്ഥാനങ്ങളുടെ വരുമാനം വലിയ തോതിൽ ഇടിഞ്ഞ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതും കേരളം ജിഎസ്ടി കൗൺസിലിൽ കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണ്ടില്ലെന്ന് നടിച്ചാണ് കേന്ദ്രം ജിഎസ് ടി കൗൺസിലിൽ നിലപാടെടുക്കുന്നത്. അവിടെ കേന്ദ്രസർക്കാരിനാണ് ഭൂരിപക്ഷം. അവരാഗ്രഹിക്കുന്ന തീരുമാനം അവർക്ക് എടുക്കാൻ കഴിയുന്നു. സംസ്ഥാനങ്ങളുടെ കൂടെ അഭിപ്രായം കേൾക്കുന്ന തരത്തിൽ കൗൺസിൽ പുനസംഘടിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത് അതുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളം കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. 134097 കോടി രൂപയാണ് കേരളത്തിന്റെ റവന്യൂ വരുമാനം. ഇതിൽ 85867 കോടി രൂപയും സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനമാണ്. അതായത് 64 ശതമാനം വരുമാനവും നികുതി പിരിച്ച് കേരളം കണ്ടെത്തുന്നതാണ്. ദേശീയ ശരാശരി 55 ശതമാനമാണ്. ദേശീയ ശരാശരിയിലും മുകളിലാണ് കേരളത്തിന്റെ തനത് വരുമാനം. ഇത് സംസ്ഥാന ജിഡിപിയുടെ ഏഴ് ശതമാനമാണ്. ദേശീയ ശരാശരി 6.7 ശതമാനമാണ്. കേരളം കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമല്ല. നികുതി പിരിവിൽ മുന്നിട്ട് നൽകുന്ന കേരളത്തെ കൂടുതൽ മുന്നോട്ട് നയിക്കുന്നതാണ് ജിഎസ്ടി വകുപ്പിന്റെ പുനസംഘടന.
കേരളം കേന്ദ്രസർക്കാരിന്റെ പണം കൊണ്ടല്ല നിലനിൽക്കുന്നത്. ഇന്ത്യയിലാകെ സംസ്ഥാന ശരാശരിയെടുത്താൽ റവന്യു വരുമാനത്തിന്റെ 45 ശതമാനം കേന്ദ്ര വിഹിതമാണ്. കേരളത്തിന്റെ റവന്യു വരുമാനത്തിൽ 36 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. പത്താം ധനക്കമ്മീഷന്റെ ഘട്ടത്തിൽ കേരളത്തിന്റെ നികുതി വിഹിതം 3.88 ശതമാനമായിരുന്നു. അത് 15ാം ധനക്കമ്മീഷനിൽ 1.9 ശതമാനമായി കുറച്ചു. കേന്ദ്രം നൽകുന്ന പണം കാലാകാലങ്ങളായി കുറയുന്നു. അപ്പോഴാണ് ചിലരിവിടെ കേന്ദ്രം നൽകുന്ന പണം കൊണ്ടാണ് കേരളം നിന്നുപോകുന്നതെന്ന് പറയുന്നത്. കേന്ദ്ര വിഹിതവും ഗ്രാന്റും കുറയുന്നു. മറ്റ് സ്രോതസുകളിൽ നിന്ന് വരുമാനം കണ്ടെത്താനും കടമെടുക്കാനുള്ള അവകാശവും കേന്ദ്രം ഹനിക്കുന്നു. സാമ്പത്തിക ഫെഡറൽ മൂല്യങ്ങളെ കേന്ദ്രം അട്ടിമറിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക അധികാര അവകാശങ്ങൾക്ക് മേലെ കടന്നുകയറ്റമുണ്ടാകുന്നു. നികുതി പിരിവ് കൂടുതൽ കാര്യക്ഷമമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.