കോയമ്പത്തൂർ : അപ്പാർട്ട്മെന്റിൽ വീട്ടുജോലിക്കായെത്തിയ യുവതിയെ ആഭരണങ്ങൾ കവർന്ന കേസിൽ പോലീസ് പിടികൂടി. ഇടയാർപാളയം സ്വദേശിനി സൂര്യയാണ് (34) സായിബാബ പോലീസിന്റെ പിടിയിലായത്. കോവിൽമേട്ടിലുള്ള അപ്പാർട്ട്മെന്റിൽ രണ്ടുപേരുടെ വീടുകളിൽനിന്നായി 22 പവൻ സ്വർണമാണ് കാണാതായത്. കംപ്യൂട്ടർ എൻജിനിയറായ പ്രശാന്ത് ക്ഷേത്രദർശനത്തിനുപോയി അടുത്തദിവസം തിരികെയെത്തിയപ്പോഴാണ് അലമാരയിലുണ്ടായിരുന്ന 12 പവൻ ആഭരണം കാണാതായതായി അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ആഭരണങ്ങൾ കണ്ടെത്തി. സംശയത്തിന്റെ പേരിൽ യുവതി ജോലിചെയ്തിരുന്ന മറ്റൊരുവീട്ടിലും അന്വേഷണം നടത്തുകയായിരുന്നു.