ആലപ്പുഴ: മെഡിക്കല്‍ കോളേജില്‍ പത്ത് വര്‍ഷം കൊണ്ട് സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ കെട്ടിടംപൂര്‍ത്തിയാക്കിയപ്പോള്‍ ക്രെഡിറ്റിനെ ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും തമ്മിൽ പോര്. തുടക്കം മുതല്‍ കെട്ടിടത്തിന് വേണ്ടി വിയര്‍പ്പൊഴുക്കിയ കെ.സി.വേണുഗോപാല്‍ എംപിയെ നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്നൊഴിവാക്കിയതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. എന്നാല്‍ പല മന്ത്രിമാരും എംഎല്‍എമാരും ഇതിനായി പ്രയത്നിച്ചിട്ടുണ്ടെന്നും എല്ലാവരെയും വിളിക്കുന്ന കാര്യം നടപ്പില്ലെന്നുമാണ് സിപിഎമ്മിന്‍റെ മറുപടി.
ആറ് നിലകളിലായി ഒമ്പത് സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, എട്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് മെഡിക്കൽ കോളേജിൽ ഒരുക്കിയത്. എല്ലാ ദിവസവും ശസത്രക്രിയ സൗകര്യമുണ്ട്. അത്യാധുനിക സിടി സ്‌കാന്‍, കാത്ത് ലാബ്, ഡിജിറ്റല്‍ എസ്‌ക്‌റേ യൂണിറ്റ് എന്നിവ വേറെയും. പത്ത് വർഷം ജനം കാത്തിരുന്ന കെട്ടിടം നാളെ തുറന്നുകൊടുക്കുകയാണ്. ഈ സമയത്താണ് രാഷ്ട്രീയ നേതാക്കൾ വിഴുപ്പക്കലക്കുന്നത്.