കോഴിക്കോട്: നാദാപുരത്ത് അഞ്ചാംപനിയ്ക്ക് അറുതിയില്ല. നാദാപുരം പഞ്ചായത്തിൽ അഞ്ചാംപനി ബാധിച്ചവരുടെ എണ്ണം ആകെ 32 ആയി. ഇന്നലെ മാത്രം ആറ് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഏഴാം വാർഡിൽ 3, ആറാം വാർഡിൽ 2, പതിമൂന്നാം വാർഡിൽ 1 എന്നിങ്ങനെയാണ് ഇന്നലെ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തത്. ഏഴാം വാർഡിൽ ആകെ 10 കേസുകളും വാർഡ് ആറിൽ ഒമ്പത് കേസുകളുമുണ്ട്.
ഇന്ന് രാവിലെ 9 മണിക്ക് ഏറ്റവും കൂടുതൽ രോഗികളുള്ള ഏഴാം വാർഡിലെ ചിയ്യൂരിൽ ഗൃഹ വലയം തീർക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്. ആരോഗ്യ പ്രവർത്തകർ ഫീൽഡിൽ ഇറങ്ങി വാക്സിൻ എടുക്കാത്ത വീടുകളിൽ കയറി ബോധവൽക്കരണം നടത്തും. കൂടെ സ്പോട്ട് വാക്സിൻ നൽകുകയും ചെയ്യും. ഇന്നലെ 640 വീടുകളിലാണ് ആരോഗ്യ പ്രവർത്തകർ അഞ്ചാംപനിക്കെതിരെ ബോധവൽക്കരണം നടത്തിയത്. 650 വീടുകളിൽ നോട്ടീസ് വിതരണം ചെയ്യുകയും 74 അയൽക്കൂട്ടങ്ങളിലെ 710 അയൽക്കൂട്ട അംഗങ്ങൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തിരുന്നു. ജനസംഖ്യയേറെയുള്ള പഞ്ചായത്താണെങ്കിലും പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്ലാത്തത് നാദാപുരത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.
അസുഖം ബാധിച്ച കുട്ടികളില്‍ ഭൂരിഭാഗവും വാക്സിനെടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍. അഞ്ചാം പനിയുടെ വാക്സിനെടുക്കാത്ത 345 കുട്ടികളാണ് പഞ്ചായത്തിലുള്ളത്. രോഗം പടരുന്ന സാഹചര്യത്തില്‍ ഈ കുട്ടികളെ കണ്ടെത്തി വാക്സിന്‍ നല്‍കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിയിട്ടും പലരും മുഖം തിരിക്കുകയാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വീടുകളില്‍ ചെന്ന് കുത്തിവയ്പ് നല്‍കാനുള്ള ശ്രമങ്ങളോടും ആളുകള്‍ മുഖംതിരിക്കുന്നത് പതിവായതോടെ വാക്സിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി നാദാപുരം പഞ്ചായത്ത് മഹല്ല് കമ്മറ്റികളുടെ പിന്തുണ തേടിയിരുന്നു. മറ്റു പഞ്ചായത്തുകളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തിയാണ് നാദാപുരത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.