മലപ്പുറം: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തപാൽ വോട്ടുകൾ കാണാതായതിൽ ആസൂത്രിത ഗൂഢാലോചന സംശയിക്കുന്നതായി ഇടത് സ്ഥാനാർഥിയായിരുന്ന കെ.പി.എം മുസ്തഫ. തെരഞ്ഞെടുപ്പ് കേസിനെ ദുർബലപ്പെടുത്താനും നീട്ടിക്കൊണ്ടു പോകാനും ഇല്ലാതാക്കാനും ശ്രമങ്ങൾ നടന്നു. 348 വോട്ടാണ് കേസിന്റെ കാതലായ വിഷയം. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും മുസ്തഫ പറഞ്ഞു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗിലെ നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം. മുസ്തഫ ഹൈകോടതിയിൽ നൽകിയ കേസിലെ നിർണായക തെളിവുകളിലൊന്നായ തപാൽ വോട്ടുകൾ സൂക്ഷിച്ച രണ്ടു പെട്ടികളിൽ ഒന്നാണ് കാണാതായത്. പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ച പെട്ടിയാണ് കാണാതായത്. സംഭവത്തിൽ വിവാദം പടരുന്നതിനിടെ പെട്ടി മലപ്പുറം സിവിൽ സ്റ്റേഷനിലെ സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഓഫിസിലുണ്ടെന്ന വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുകയായിരുന്നു.
തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതിന്റെ ഭാഗമായി തപാൽ വോട്ടുകൾ സൂക്ഷിച്ച പെട്ടികൾ ഹൈകോടതിയിലേക്ക് മാറ്റാൻ രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പെട്ടികൾ സൂക്ഷിച്ച പെരിന്തൽമണ്ണ സബ്ട്രഷറി ഓഫിസിലെത്തി സ്ട്രോങ് മുറി തുറന്ന് ബോധ്യംവരുത്തി 16ന് ഇവ ഹൈകോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ 7.15ഓടെ വീണ്ടും സ്ട്രോങ് റൂം തുറന്നപ്പോഴാണ് പെട്ടികളിലൊന്ന് കാണാനില്ലെന്നറിയുന്നത്. ഈ പെട്ടി മലപ്പുറം സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഓഫിസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉച്ചക്ക് 12.45ഓടെയാണ് സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്തെത്തിയത്. പരിശോധനയിൽ സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഓഫിസിൽ നിന്ന് ബാലറ്റ് പെട്ടി കണ്ടെത്തുകയായിരുന്നു.
38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 348 സ്പെഷൽ തപാൽ വോട്ടുകൾ അസാധുവായി പരിഗണിച്ചാണ് ഫലം പ്രഖ്യാപിച്ചതെന്നും ഈ വോട്ട് കൂടി എണ്ണണമെന്നും കാണിച്ചാണ് കെ.പി.എം. മുസ്തഫ ഹൈകോടതിയെ സമീപിച്ചത്. ക്രമ നമ്പരില്ലാത്തതും ഡിക്ലറേഷൻ ഒപ്പില്ലാത്തതുമായ 348 ബാലറ്റുകൾ സംബന്ധിച്ചായിരുന്നു തർക്കം.
പെരിന്തൽമണ്ണയിൽ ബാലറ്റ് പെട്ടി കാണാതായത് ഗുരുതര വിഷയമെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ലെന്നും കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നും ഹൈകോടതി വ്യക്തമാക്കി. ബാലറ്റുകൾ കാണാതായത് കോടതിയുടെ മേൽനോട്ടത്തിലോ, തെരഞ്ഞെടുപ്പ് കമീഷനോ അന്വേഷിക്കണമെന്ന് യു.ഡി.എഫ് എം.എൽ.എ നജീബ് കാന്തപുരം ആവശ്യപ്പെടുകയും ചെയ്തു. കേസിൽ തെരഞ്ഞെടുപ്പ് കമീഷനെയും ഹൈകോടതി കക്ഷി ചേർത്തിട്ടുണ്ട്.