പട്ന ∙ ബിഹാറിലെ ജാതി സെൻസസിനെതിരായ ഹർജികൾ സുപ്രീംകോടതി നിരാകരിച്ചു. ജാതി സെൻസസ് നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും സംസ്ഥാന തല ജാതി സെൻസസ് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ജാതി സെൻസസിനെതിരായ ഹർജികളെ കോടതി ‘പബ്ലിസിറ്റി ഇന്ററസ്റ്റ് ലിറ്റിഗേഷൻ’ എന്നു പരിഹസിക്കുകയും ചെയ്തു. സംവരണ ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നതിനു ജാതി സെൻസസ് ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ബിഹാറിൽ ജാതി സെൻസസ് നടപടികൾ ഈ മാസം ഏഴിന് ആരംഭിച്ചിരുന്നു. ‘ഏക് സോച്, ഏക് പ്രയാസ്’ സന്നദ്ധ സംഘടനയും ഹിന്ദു സേനയും ബിഹാർ സ്വദേശി അഖിലേഷ് കുമാറുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ തീരുമാനത്തെ മുഖ്യമന്ത്രി നിതീഷ് കുമാർ സ്വാഗതം ചെയ്തു. ജാതി സെൻസസ് അട്ടിമറിക്കാനുള്ള ചിലരുടെ ശ്രമത്തിനു തിരിച്ചടിയേറ്റെന്നും അദ്ദേഹം പറഞ്ഞു.