തൊടുപുഴ: അക്രമണകാരികളായ ആനകളെ മൂന്നാറില്‍ നിന്നും നാടുകടത്തുന്നു. ദേവികുളം എംഎല്‍എ അഡ്വ. എ രാജയുടെ നേതൃത്വത്തില്‍ കൂടിയ സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മൂന്നാര്‍ മേഖലയില്‍ രാത്രിയോ പകലോ വ്യത്യാസമില്ലാതെ എത്തുന്ന ആക്രമണകാരികളായ ആനകളെ നടുകടത്താനാണ് യോഗത്തിൽ തീരുമാനമായത്. പടയപ്പയടക്കമുള്ള രണ്ട് ആനകളെ നാടുകടത്തണമൈന്ന് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെച്ചത്. സംഭവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
നിലവില്‍ മൂന്നാര്‍ ചിന്നക്കനാല്‍, ശാന്തന്‍പ്പാറ എന്നിവിടങ്ങളിലായി അഞ്ചോളം ആനകളാണ് നാട്ടുകാര്‍ക്ക് ശല്യമായി നാട്ടിന്‍പുറങ്ങളില്‍ ഇറങ്ങുന്നത്. ഇതില്‍ ചക്കക്കൊമ്പനും പടയപ്പയും വാഹനങ്ങള്‍ തകര്‍ക്കുകയും മറ്റ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുന്ന രീരിയില്‍ അപകടകാരികളുമാണ്. ഈ രണ്ട് ആനകളും വനപാലകരുടെ നിരീക്ഷണത്തിലാണ്. ഇവയെ നാടുകടത്താനാണ് സര്‍വകക്ഷിയോഗത്തില്‍ നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്.
അതേസമയം, മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്ക് രാത്രികാല സാവാരിക്ക് വിലക്ക് ഏർപ്പെടുത്തി. നൈറ്റ് സവാരിക്കും നൈറ്റ് ട്രിക്കിങ്ങിനുമാണ് വിലക്കേര്‍പ്പെടുത്തുന്നത്. ആനച്ചാല്‍ ചെങ്കുളം പോതമേട് ലക്ഷ്മി മൂന്നാര്‍ എസ്‌റ്റേറ്റ് മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി വാഹനങ്ങളാണ് വിനോദസഞ്ചാരികളുമായി നൈറ്റ് സവാരിക്കും നൈറ്റ് ട്രക്കിംങ്ങിനുമായി മൂന്നാറിലെത്തുന്നത്. വന്യമ്യഗങ്ങള്‍ ഏറെ കാണപ്പെടുന്ന മേഖലകളില്‍ എത്തുന്ന ഇവര്‍ അവയുടെ സ്വര്യജീവിതത്തിന് തടസ്സമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകാണ്. മാത്രമല്ല ആക്രമണകാരികളായ ആനയടക്കമുള്ള വന്യമ്യഗങ്ങള്‍ വിനോദസഞ്ചാരികളെ ആക്രമിക്കുന്ന സാഹചര്യവും നിലനില്‍ക്കുകയാണ്.
ഇത്തരം സാഹചര്യം കണക്കാക്കിയാണ് മൂന്നാറില്‍ നൈറ്റ് സവാരി അടക്കമുള്ള വിനോസഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്താന്‍ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചത്. ഇത്തരം വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിന് പോലീസിനും ഫോറസ്റ്റിനും ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ നിര്‍ദ്ദേശം നല്‍കി. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കാട്ടിലെത്തി വന്യമ്യഗങ്ങളെ ശല്യപ്പെടുത്തുന്നതാണ് ആനയടക്കമുള്ളവ ജനവാസമേഖലയില്‍ ഇറങ്ങാന്‍ കാരണമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കൂടാതെ പൊതുജനങ്ങള്‍ക്കും ഡ്രൈവര്‍നമാര്‍ക്കും ബോധവത്കരണം നല്‍കുന്നതിനും യോഗം തീരുമാനിച്ചു.