തൃശ്ശൂർ: സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് അയൽക്കാരെ നിരീക്ഷിക്കാൻ ആകരുതെന്ന് ഹൈക്കോടതി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇക്കാര്യത്തിൽ മാർഗ്ഗരേഖ വേണമെന്ന് കോടതി സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇതിനായി നിയമപോരാട്ടം നടത്തിയത് എറണാകുളം ചേരാനെല്ലൂർ സ്വദേശി ആഗ്നസ് ആയിരുന്നു. അയൽവാസി തന്റെ വീട്ടിലേക്ക് തിരിച്ചുവെച്ച സിസിടിവി ക്യാമറ സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു ആഗ്നസിന്റെ ഹർജി.
അയൽവാസി സ്ഥാപിച്ച സിസിടിവിയെക്കുറിച്ച് ആശങ്കകൾ വർധിച്ചതോടെയാണ് ചേരാനെല്ലൂർ സ്വദേശി ആഗ്നസ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് സർക്കാരിനോട് ആലോചിച്ച് മാർഗ്ഗ നിർദേശങ്ങൾ കൊണ്ടുവരാൻ സംസ്ഥാന പൊലീസ് മേധാവിയോട് കോടതി നിർദേശിച്ചത്. സിസിടിവി സുരക്ഷക്ക് പ്രധാനപ്പെട്ടതാണെങ്കിലും മറ്റുള്ളവർ തന്റെ സ്വകാര്യതയെ നിരീക്ഷിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് ആഗ്നസ് പറയുന്നത്.
പൊലീസ് തന്നെ റസിഡന്റ്സ് അസോസിയേഷനുകളോട് സിസിടി ക്യാമറകൾ സ്ഥാപിക്കണം എന്ന് നിർദേശിക്കുന്ന ഈ കാലത്ത് ക്യാമറകൾ സ്ഥാപിക്കുന്നത് പരിമിതപ്പെടുത്തിയാൽ അത് കേസന്വേഷണങ്ങളേയും പ്രതികൂലമായി ബാധിക്കും. ആഗ്നസിന്റ വാദത്തോട് എതിർ കക്ഷിയും ഇതേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ഇരു വീട്ടുകാരും തമ്മിൽ അതിർത്തി തർക്കം ഉണ്ടായ സാഹചര്യത്തിലാണ് രാജു സിസിടിവി സ്ഥാപിച്ചത്. ആഗ്നസിൻ്റെ ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവിയെ ഹൈക്കോടതി കക്ഷി ചേർത്തിട്ടുണ്ട്.
ഏതാണ്ട് ഒരു മാസം മുൻപാണ് ഈ ക്യാമറ ഇവിടെ സ്ഥാപിച്ചത്. അതിനു ശേഷം എനിക്ക് മാനസികമായി ബുദ്ധിമുട്ടാണ്. രാവിലെ മുറ്റവും റോഡും അടിച്ചു വാരാനോ വീട്ടിലിടുന്ന വസ്ത്രം ധരിച്ച് പുറത്തിറങ്ങാനോ പറ്റുന്നില്ല. സിസിടിവി ദൃശ്യങ്ങളെല്ലാം ഇയാളുടെ (അയൽവാസിയുടെ) മൊബൈലിൽ അപ്പപ്പോൾ ലഭ്യമാണ് – ആഗ്നസ്
രാവിലെ മുതൽ ആക്രിപെറുക്കുന്നവരടക്കം നിരവധി പേർ ഇവിടെ വന്നു പോകുന്നുണ്ട്. എൻ്റെ വീട്ടുവളപ്പിൽ നിന്നും മോട്ടോറും മുറ്റത്ത് കിടന്ന കാറിൻ്റെ ആക്സിലും മോഷണം പോയി. ജീവനും സ്വത്തിനും പരിരക്ഷ നൽകണം എന്നത് കൊണ്ടാണ് ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത് – അയൽവാസി