ദില്ലി: ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരായ അതിക്രമം നാടകമെന്ന് ആരോപിച്ച ബിജെപിക്ക് മറുപടിയുമായി സ്വാതി മലിവാൾ രംഗത്ത്. സംഭവത്തെക്കുറിച്ച് ബിജെപി ഉയർത്തിയ ആരോപണങ്ങൾ വൃത്തികെട്ട നുണകളാണെന്നും അവസാന ശ്വാസം വരെ താൻ അതിനെതിരെ പോരാടുമെന്നും സ്വാതി മലിവാൾ പറഞ്ഞു.
“എന്നെക്കുറിച്ച് വൃത്തികെട്ട നുണകൾ പറഞ്ഞ് എന്നെ ഭയപ്പെടുത്താമെന്ന് കരുതുന്നവരോട് ഞാൻ പറയട്ടെ, ഈ ചെറിയ ജീവിതത്തിനിടയിൽ ഞാൻ ഒരുപാട് വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പലതവണ എന്നെ പലരും ആക്രമിച്ചെങ്കിലും ഞാൻ നിർത്തിയില്ല. ഓരോ ക്രൂരതയിലും എന്റെ ഉള്ളിലെ അഗ്നി കൂടുതൽ ശക്തമായി. എന്റെ ശബ്ദം അടിച്ചമർത്താൻ ആർക്കും കഴിയില്ല. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം യുദ്ധം തുടരുക തന്നെ ചെയ്യും!” സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.
ബിജെപി സ്വാതി മലിവാളിന്റെ സ്റ്റിംഗ് ഓപ്പറേഷനെ ചോദ്യം ചെയ്യുകയും സംഭവം ദില്ലി പൊലീസിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയാണെന്ന് പറയുകയും ചെയ്തിരുന്നു. ദക്ഷിണ ദില്ലിയിലെ സംഗം വിഹാറിലെ എഎപി പ്രവർത്തകനാണ് സ്വാതി മലിവാളിനെതിരെ അതിക്രമം കാണിച്ച ക്യാബ് ഡ്രൈവറെന്ന് ബിജെപി നേതാവ് വീരേന്ദ്ര സച്ച്ദേവ ആരോപിച്ചിരുന്നു.
ദില്ലിയിൽ പുതുവത്സര രാത്രിയിൽ കാറിനടിയിൽപ്പെട്ട് യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സ്ത്രീ സുരക്ഷ ശക്തമാക്കാൻ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സംഘങ്ങളായി തിരിഞ്ഞ് ദില്ലിയിലെ പല ഭാഗങ്ങളിലായി പരിശോധന നടത്തുന്നതിനിടെയാണ് സ്വാതി മലിവാളിന് നേരെ പുലർച്ചെ ആക്രമണമുണ്ടായത്. കാറിലെത്തിയ ഹരീഷ് ചന്ദ്ര എന്ന ആളാണ് സ്വാതി മലിവാളിനെതിരെ അതിക്രമം നടത്തിയത്. ഇയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ കാറിൽ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചു. ദില്ലിയിലെ എയിംസ് പരിസരത്താണ് സംഭവം ഉണ്ടായത്ത്. പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പോലും ദില്ലിയിൽ സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് സ്വാതി ട്വീറ്റിൽ ചോദിച്ചിരുന്നു.