ദില്ലി: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി ആഭ്യന്തര ശൃംഖലയിലുടനീളമുള്ള ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജനുവരി 21 ന് പുറത്തിറക്കിയ ഓഫർ ജനുവരി 23 വരെ ലഭിക്കും.
എയർ ഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർ ഇന്ത്യയുടെ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും ഓഫർ കിഴിവ് അനുസരിച്ച് ടിക്കറ്റുകൾ ലഭ്യമാകും. 2023 ഫെബ്രുവരി 1 മുതൽ 30 സെപ്റ്റംബർ വരെ ഇന്ത്യയിലെ ആഭ്യന്തര യാത്രകൾക്കായിരിക്കും ഈ ഓഫർ ബാധകമാകുക. കിഴിവുള്ള ടിക്കറ്റുകൾ ഇക്കണോമി ക്ലാസിൽ ലഭ്യമാകും.
എയർ ഇന്ത്യയുടെ വൺവേ നിരക്ക് 1705 രൂപ മുതൽ ആരംഭിക്കുന്നു. എയർ ഇന്ത്യ സർവീസ് നടത്തുന്ന 49-ലധികം ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിൽ കിഴിവുകൾ ലഭ്യമാകും. കുടുംബത്തോടൊപ്പമുള്ള അവധിക്കാല ടൂറായാലും ബിസിനസ് യാത്രയായാലും എയർ ഇന്ത്യയുടെ വിശാലമായ ആഭ്യന്തര നെറ്റ്‌വർക്കിൽ ഈ വൻ കിഴിവുള്ള ടിക്കറ്റുകൾ സ്വന്തമാക്കാം.
ആഭ്യന്തര നെറ്റ്‌വർക്കിലെ വൺ-വേ കിഴിവുള്ള ചില നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ, ദില്ലിയിൽ നിന്നും മുംബൈ വരെ 5075 രൂപയാണ് നിരക്ക്. ചെന്നൈ മുതൽ ദില്ലി വരെ 5895 രൂപയുമാണ്.ബെംഗളൂരു മുതൽ മുംബൈ വരെ 2319 രൂപയാണ് നിരക്ക്. അഹമ്മദാബാദ് മുതൽ ദില്ലി വരെ 1806 രൂപയാണ് നിരക്ക്.
അതേസമയം, ന്യൂയോർക്കിൽ നിന്നും ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വെച്ച് യാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് സഹ യാത്രികൻ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ, വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
022 നവംബർ 26 ന് നടന്ന സംഭവത്തിൽ, തന്റെ ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർ ഇന്ത്യയുടെ ഇൻ-ഫ്ലൈറ്റ് സർവീസ് ഡയറക്ടർക്ക് 3 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സംഭവം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ബാധകമായ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എൻഫോഴ്‌സ്‌മെന്റ് നടപടികൾ വരുന്നത്.
ഒരു വിമാനത്തിൽ യാത്രക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റത്തിന് ഡിജിസിഎ ഒരു വിമാനക്കമ്പനിക്ക് പിഴ ചുമത്തുന്നത് ഇതാദ്യമാണ്.












