കശ്മീർ: ജമ്മുവിലെ ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ. സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം ഊർജ്ജിതമാണ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. സ്ഫോടനത്തിന് പിന്നിൽ എന്തെങ്കിലും ഭീകര സംഘടനകൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ സംഭവസ്ഥലത്ത് സൈന്യവും എൻ ഐ എയും പരിശോധന നടത്തിയിരുന്നു. എൻ ഐ എ പ്രാഥമിക വിവരശേഖരണവും നടത്തിയിട്ടുണ്ട്. അന്വേഷണം എൻ ഐ എയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം. ആറ് പേരെ ചോദ്യം ചെയ്യുന്നതിൽ നിന്ന് സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ജമ്മുവിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ ആറ് പേർക്കാണ് പരിക്കേറ്റത്. ജമ്മുവിലെ നര്‍വാളിലാണ് സ്ഫോടനമുണ്ടായത്.
രണ്ട് വാഹനങ്ങളിലാണ് സ്ഫോടനമുണ്ടയാതെന്നും സംഭവം ആസൂത്രിതമാണെന്നും ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. സൈന്യവും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. നര്‍വാളിലെ ട്രാൻസ്പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡിലാണ് സ്ഫോടനമുണ്ടായത്. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വര്‍ക്ക് ഷോപ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടേക്ക് ഇന്നലെ രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാറാണ് പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷമാണ് മറ്റൊരു കാര്‍ കൂടി പൊട്ടിത്തെറിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്മീരിലൂടെ കടന്നു പോകുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് മേഖലയിൽ സുരക്ഷ ശക്തമാക്കിയതാണ് നേരത്തെ സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചിരുന്നു. ഇതിനിടെയാണ് ജമ്മുവിനെ തിരക്കേറിയ മേഖലയിൽ സ്ഫോടനമുണ്ടായത്.