കണ്ണൂര്‍ : കണ്ണൂരില്‍ 11 വര്‍ഷം മുന്‍പ് കളക്ടറേറ്റ് മാര്‍ച്ചില്‍ അക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവരടക്കം വിചാരണ നേരിട്ട 69 പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതേവിട്ടു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് 2012 മാര്‍ച്ച് 21-ന് എല്‍.ഡി.എഫ്. യുവജനസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് മാര്‍ച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് കണ്ണൂര്‍ അസി. സെഷന്‍സ് ജഡ്ജി രാജീവന്‍ വാച്ചാല്‍ വിധി പ്രസ്താവിച്ചത്.
അന്ന് ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന എ.എന്‍. ഷംസീറായിരുന്നു കേസിലെ ഒന്നാം പ്രതി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, എ.ഐ.വൈ.എഫ്. നേതാവായിരുന്ന ഇപ്പോഴത്തെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. അജയകുമാര്‍, എ.ഐ.വൈ.എഫ്. നേതാവായിരുന്ന മഹേഷ് കക്കത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ് എന്നിവരടക്കം പ്രതികളായിരുന്നു.
പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമവകുപ്പ് ഉള്‍പ്പടെ ചുമത്തിയായിരുന്നു കേസ്. 16 ലക്ഷം രൂപ കെട്ടിവെച്ചശേഷമാണ് കേസിലെ പ്രതികള്‍ക്ക് അന്ന് കോടതി ജാമ്യം അനുവദിച്ചത്. പ്രകടനമായെത്തിയവര്‍ പോലീസിന്‍റെതുള്‍പ്പടെയുള്ള വാഹനങ്ങള്‍, കളക്ടറേറ്റിലെ പ്ലാനിങ് വിഭാഗത്തിലെ കംപ്യൂട്ടര്‍ സെര്‍വര്‍, വിവിധ വകുപ്പുകളിലെ കംപ്യൂട്ടറുകള്‍ എന്നിവ നശിപ്പിക്കുകയും കളക്ടറേറ്റിന്‍റെ ചുറ്റുമതിലും ഗേറ്റും തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായും ഇതില്‍ പറയുന്നു.
തിരിച്ചറിഞ്ഞ 84 പേരെയും കണ്ടാലറിയാവുന്ന 416 പേരെയും ചേര്‍ത്താണ് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. കേസിന്‍റെ വിചാരണവേളയില്‍ 74 പ്രതികളാണ് പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 69 പേരെയാണ് കോടതി വിസ്തരിച്ചത്. ചില പ്രതികള്‍ ഹാജരായില്ല. കേസില്‍ 39 സാക്ഷികളെയും വിസ്തരിച്ചു. മുന്‍ ഡിവൈ.എസ്.പി. പി. സുകുമാരന്‍, തഹസില്‍ദാരായിരുന്നു സി.എം. ഗോപിനാഥ് എന്നിവരും ഇതില്‍ ഉള്‍പ്പെടും. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി.പി. ശശീന്ദ്രന്‍, സി. രേഷ്മ എന്നിവര്‍ ഹാജരായി.