പട്ന : ഹരിയാനയിൽ കെമിക്കൽ ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് മരണം. രണ്ട് പേർക്ക് ഗുരുതര പരിക്ക്. പാനിപ്പത്തിലെ സദർ പ്രദേശത്തെ കോകോ ചൗക്കിലാണ് പൊട്ടിത്തെറിയുണ്ടായത്. പാനിപ്പത്ത് റിഫൈനറിക്ക് സമീപമാണിത്. വെൽഡിങ്ങിനിടെയായിരുന്നു സ്ഫോടനം. പരിക്കേറ്റ രണ്ട് പേരെ അടുത്തുള്ള സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ശക്തമായ സ്ഫോടനത്തിൽ വെൽഡിങ് കടയുടെ മേൽക്കൂര പൂർണമായും തകർന്നെന്നും സദർ സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.
വാഹനത്തിലെ വെൽഡിങ് ജോലിക്കിടെയായിരുന്നു സംഭവമെന്നും അദ്ദേഹം അറിയിച്ചു. വാഹനത്തിന്റെ ഡ്രൈവർ ഉത്തർപ്രദേശ് ഘാടംപുർ സ്വദേശി ജുനൈദ്, ഇലക്ട്രിഷ്യനായ പാനിപ്പത്ത് ഗോപാൽ കോളനി റോഡ് സ്വദേശി പപ്പു എന്നിവരാണ് മരിച്ചത്. വെൽഡറായ സോമനാഥ്, യു.പി ഘാട്ട്മൽപുർ സ്വദേശി മുഹമ്മദ് ഹുസൈൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. സോമനാഥ് വെൽഡിങ് തുടങ്ങിയതോടെ അതിൽ നിന്നുണ്ടായ തീപ്പൊരിയാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.