ന്യൂഡല്‍ഹി : ദില്ലിയിലെ ആഡംബര ഹോട്ടലായ ലീലാ പാലസില്‍ നിന്ന് ബില്ല് നല്‍കാതെ ഓടി രക്ഷപെട്ട യുവാവ് പിടിയില്‍. 23.46 ലക്ഷം രൂപയുടെ ബില്‍ തുക നല്‍കാതെ ഓടി രക്ഷപ്പെട്ട മഹമ്മദ് ഷെരീഫിനെയാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയായിരുന്നു ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്. യുഎഇ രാജകുടുംബത്തിലെ അടുത്ത ജീവനക്കാരനെന്ന പേരിലായിരുന്നു ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. വ്യാജ ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ലീലാ പാലസില്‍ താമസം തരപ്പെടുത്തിയത്.
ദക്ഷിണ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. യുഎഇയില്‍ രാജ കുടുംബാംഗമായ ഷെയ്ഖ് ഫലാ ബിന്‍ സയ്യിദ് അല്‍ നഹ്യാനൊപ്പം ജോലി ചെയ്തതായി ഇയാള്‍ ഹോട്ടലിലെ ജീവനക്കാരോട് പറഞ്ഞിരുന്നു. രാജകുടുംബത്തോട് വളരെ അടുത്ത് പെരുമാറുന്ന ഇയാള്‍ ഔദ്യോഗിക കാര്യത്തിനാണ് ഇന്ത്യയിലെത്തിയതെന്നായിരുന്നു ഹോട്ടലില്‍ വിശദമാക്കിയിരുന്നത്. ദീര്‍ഘകാലത്തേക്ക് ഹോട്ടലില്‍ താമസിക്കുന്നതിനായി 11.5 ലക്ഷം രൂപ ഇയാള്‍ നല്‍കിയാണ് ഹോട്ടല്‍ ജീവനക്കാരുടെ വിശ്വാസ്യത ഇയാള്‍ നേടിയത്. ഹോട്ടലില്‍ ഇയാളെ കാണാതായതിന് പിന്നാലെ ഇയാള്‍ നല്കിയ രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.