മംഗളൂരു: മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പൊലീസിന്‍റെ ലഹരിവേട്ട വേട്ട തുടരുന്നു. കഴിഞ്ഞ 20ന് നടന്ന പരിശോധനയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പിടിയിലായി. രണ്ട് ഡോക്ടറടക്കം ഒന്‍പതോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നു. ആകെ 29 പേരാണ് വിവിധ കേസുകളിലായി പിടിയിലായത്. ഇതില്‍ 22 പേര്‍ മെഡിക്കല്‍ രംഗത്തുള്ളവരാണ്.
മംഗളൂരു പൊലീസ് കമ്മീഷണർ എൻ.ശശികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉത്തർപ്രദേശിൽ നിന്നുള്ള വിദുഷ് കുമാർ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായും മലയാളിയുമായ സൂര്യജിത്ത്ദേവ് (20), അയ്ഷ മുഹമ്മദ് (23), ദില്ലി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ശരണ്യ (23), കര്‍ണാടക സ്വദേശി ഡോ. സിദ്ധാര്‍ഥ് പവസ്‌കര്‍ (29), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി പ്രണയ് നടരാജ് (24), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി ചൈതന്യ ആര്‍. തുമുലൂരി (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ഇഷാ (27) എന്നിവരെയാണ് മംഗളൂരു പൊലീസ് റെയ്ഡില്‍ പിടികൂടിയത്.
ഈ മാസം എട്ടിനാണ് ആദ്യത്തെ അറസ്റ്റ് നടന്നത്. മെഡിക്കല്‍ കോളേജുകളില്‍ കഞ്ചാവ് എത്തിച്ചുനല്‍കുന്ന ആളെ അറസ്റ്റ് ചെയ്തതോടെയാണ് മയക്കുമരുന്ന് ശൃഖലയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കുകയായിരുന്നു.