മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചെന്ന കേസില്‍ ആളുമാറി ജപ്തി ചെയ്ത പൊലീസ് നടപടിയെ വിമർശിച്ച് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോടതി പറഞ്ഞുവെന്ന് വച്ച് ആരെയെങ്കിലും കിട്ടിയാൽ മതിയോ എന്ന് ചോദിച്ച കുഞ്ഞാലിക്കുട്ടി, കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്നതാണ് നയമെന്നും ചോദിച്ചു.
ആരെയെങ്കിലും രക്ഷിക്കാനുള്ള പരിപാടിയാണോ എന്നും പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. വിഷയത്തെ ലീഗ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. പിഎഫ്ഐയെ മുൻ നിരയിൽ നിന്ന് എതിർക്കുന്നവരാണ് ഞങ്ങൾ. നിരപരാധികളെ കാര്യമില്ലാതെ ഉപദ്രവിക്കുന്നത് നോർത്ത് ഇന്ത്യൻ മോഡലാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. പൗരത്വ വിഷയവും ഇങ്ങനെ തന്നെയാണ്, തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം നിരപരാധികൾക്കായി. ചെറിയ കാര്യമായി ഇതിനെ കാണുന്നില്ല. യശസ്സിനെ ബാധിക്കുന്ന വിഷയമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത നാല് പേരുടെ വസ്തു വകകളിലാണ് പേരിലെയും ഇനീഷ്യലിലെയും സാമ്യത കാരണം ജപ്തി നോട്ടീസ് പതിപ്പിച്ചത്. എടരിക്കോട് പഞ്ചായത്ത് മുസ്ലീം ലീഗ് മെമ്പർ സിടി അഷ്‌റഫും നടപടി നേരിട്ടു. തെറ്റായ ജപ്തി സർക്കാരിന്റെ ബോധപൂർവമായ നടപടി ആണെന്നാണ് ലീഗ് ആരോപണം.