ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറു മുതല്‍ 10 വരെ കണ്ണൂരില്‍. രാഷ്ട്രീയപ്രമേയത്തിന്റെ കരടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്കി. ബിജെപിയെ തോല്പിക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് സീതാറാം യച്ചൂരി വ്യക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഇതിന് ആവശ്യമായ നിലപാട് സ്വീകരിക്കും. ഹൈദരാബാദിൽ കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു യച്ചൂരി. യുപിയില്‍ എസ്പിയെ പിന്തുണയ്ക്കും. ഇന്ത്യയിൽ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യവും പാർട്ടികളുടെ സ്വാധീനവും വ്യത്യസ്തമാണെന്നും യച്ചൂരി പറഞ്ഞു.
അതേ സമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം രാഷ്ട്രീയപ്രമേയത്തിന്റെ കരടിന് കേന്ദ്രകമ്മറ്റിയില്‍ അംഗീകാരം ലഭിച്ചു. താഴേത്തട്ടിലെ ചര്‍ച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും. ബിജെപിക്കെതിരായ തിരഞ്ഞെടുപ്പുകളിലെ തന്ത്രം സംസ്ഥാന തലങ്ങളില്‍ തീരുമാനിക്കും. കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമുണ്ടാക്കേണ്ട ആവശ്യമില്ലെന്നു നേരത്തെ സിപിഎം പിബിയിലും തീരുമാനിച്ചിരുന്നു.