ഇന്ത്യൻ ബ്രാൻഡായ ഫയർ ബോൾട്ടിന്റെ നിൻജ 2 സ്മാർട് വാച്ച് പുറത്തിറങ്ങി. കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചതിൽ ഏറ്റവും വില കുറഞ്ഞ സ്മാർട് വാച്ച് ആണിത്. വിവിധങ്ങളായ ഹെൽത്ത്, സ്പോർട്സ് മോഡുകളുമായാണ് ഇത് എത്തിയിരിക്കുന്നത്. ബജറ്റ് സ്മാർട് വാച്ച് വിഭാഗത്തിൽ ഓപ്ഷനുകൾ വളരെ കുറവാണ്. അടുത്തിടെ നോയ്സ് കാലിബർ എന്ന പേരിൽ ഒരു സ്മാർട് വാച്ച് അവതരിപ്പിച്ചിരുന്നു. 1999 രൂപയാണ് ഇതിന് വില. ഇന്ത്യൻ വിപണിയിൽ നോയ്സ് കാലിബറിന് എതിരാളിയാവും ഫയർ ബോൾഡ് നിൻജ 2. ആഴ്ചകൾക്ക് മുമ്പ് കമ്പനി പുറത്തിറക്കിയ നിൻജ സ്മാർട് വാച്ചിന്റെ പിൻഗാമിയാണ് നിൻജ 2.
ഹാർട്ട് റേറ്റ് മോണിറ്റർ, സ്ലീപ്പ് മോണിറ്റർ, ബ്ലഡ് ഓക്സിജൻ ലെവൽ ഉൾപ്പടെയുള്ള സംവിധാനങ്ങൾ വാച്ചിലുണ്ട്. 1899 രൂപയാണ് നിൻജ 2 ന് വില. ഫയർ ബോൾട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ആമസോണിൽ നിന്നും വാച്ച് വാങ്ങാം. നീല, പിങ്ക്, ബ്ലാക്ക് നിറങ്ങളിലാണ് നിൻജ 2 എത്തുക. 1.3 ഇഞ്ച് ടച്ച് ഡിസ്പ്ലേയാണ് നിൻജ 2 ന്. 240 x 240 പിക്സൽ റസലൂഷനുണ്ട്. 30 വ്യത്യസ്ത സ്പോർട്സ് മോഡുകൾ ഇതിൽ ലഭ്യമാണ്. ഒന്നിലധികം വാച്ച് ഫേസുകളും ഇതിൽ ലഭ്യമാണ്. ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനും സാധിക്കും.