ചെന്നൈ : തെന്നിന്ത്യൻ നടൻ സത്യരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹമിപ്പോൾ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സത്യരാജിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും ആശുപത്രയിൽ പ്രവേശിപ്പിക്കുകയുമായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹം ആശുപത്രി വിടുമെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം കഴിഞ്ഞ ഏതാനും നാളുകളായി സിനിമാ മേഖലയിൽ നിന്നുമുള്ള നിരവധി പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. സംവിധായകൻ പ്രിയദർശൻ, മീന, തൃഷ,മഹേഷ് ബാബു തുടങ്ങിയവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മീനയുടെ കുടുംബത്തിലെ എല്ലാവർക്ക് കൊവിഡ് ബാധിച്ചിരുന്നു. നിരവധി പേരാണ് പ്രിയതാരങ്ങളുടെ സുഖവിവരം തിരക്കി സോഷ്യൽ മീഡിയ അടക്കമുള്ളവയിൽ രംഗത്തെത്തുന്നത്. വർദ്ധിച്ചുവരുന്ന കൊവിഡ് -19 കേസുകളുടെ ആശങ്കകൾക്കിടയിൽ പല സിനിമകളുടെയും ഷൂട്ടിംഗ് ഷെഡ്യൂളുകൾ തടസ്സപ്പെട്ടു. ഏതാനും ചിത്രങ്ങളുടെ തിയറ്റർ റിലീസും മാറ്റിവച്ചിട്ടുണ്ട്. ജൂനിയർ എൻടിആറും രാം ചരണും ഒന്നിക്കുന്ന ബഹുഭാഷാ ചിത്രമായ ആർആർആറും കൊവിഡ് -19 കാരണം മാറ്റിവച്ചു. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 7 ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു.