ഇത് ഓണ്‍ലൈൻ ഫുഡ് ഓര്‍ഡറുകളുടെ കാലമാണ്. ഇന്ത്യയില്‍ മിക്ക നഗരങ്ങളിലും നഗരപ്രാന്തങ്ങളിലുമെല്ലാം സ്വിഗ്ഗി, സൊമാറ്റോ സര്‍വീസുകള്‍ നിലവില്‍ സജീവമാണ്. ഓരോ വര്‍ഷവും ഇവരുടെ പ്രവര്‍ത്തനവും, ഉപഭോക്താക്കളഉം കൂടി വരുന്ന കാഴ്ച തന്നെയാണ് നമുക്ക് കാണാനാകുന്നത്.
ഇതോടെ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകളുമായി ബന്ധപ്പെട്ട ധാരാളം വാര്‍ത്തകളും അനുഭവങ്ങളുമെല്ലാം ഇപ്പോള്‍ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. സമാനമായ രീതിയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് മുംബൈ സ്വദേശിയായ യുവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സുബി എന്ന് പേരുള്ള പ്രൊഫൈലില്‍ നിന്നാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്. മുംബൈയിലുള്ള താൻ ബെംഗലൂരുവിലെ ഒരു ഹോട്ടലില്‍ നിന്ന് 2,500 രൂപ മുടക്കി ബിരിയാണി ഓര്‍ഡര്‍ ചെയ്തിരിക്കുന്നുവെന്നാണ് ഇവര്‍ അറിയിച്ചത്. താൻ മദ്യലഹരിയിലായിരുന്നു എന്ന തരത്തിലുള്ള സൂചനയും ഇവര്‍ പോസ്റ്റില്‍ നല്‍കിയിരുന്നു. എന്നാലിത് എത്രമാത്രം ശരിയാണെന്നത് വ്യക്തമല്ല.
ഇവരുടെ പോസ്റ്റ് വൈറലായതോടെ സൊമാറ്റോയും ഇതിനോട് പ്രതികരിച്ച് ട്വീറ്റ് ചെയ്തു. താങ്കളുടെ ഓര്‍ഡര്‍ അങ്ങെത്തുമ്പോള്‍ ഹാങ്ങോവറെല്ലാം സന്തോഷകരമായി മാറുമെന്നും, എന്തായിരുന്നു അനുഭവം എന്നത് തങ്ങളെ അറിയിക്കണേ എന്നുമായിരുന്നു സൊമാറ്റോയുടെ രസകരമായ ട്വീറ്റ്.
ബെഗലൂരുവില്‍ ബിരിയാണിക്ക് പേരുകേട്ട ഒരു റെസ്റ്റോറന്‍റില്‍ നിന്നാണ് ഇവര്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. സംസ്ഥാനത്തിന് പുറത്തുനിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം നിലവില്‍ സൊമാറ്റോ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഓര്‍ഡര്‍ പ്ലേസ് ചെയ്ത് അതിന് അനുസരിച്ച് രണ്ടോ മൂന്നോ നാലോ ദിവസമെല്ലാം കഴിഞ്ഞാലേ സാധനം കയ്യിലെത്തൂ. ഇത് കണക്കാക്കി വേണം ഓര്‍ഡര്‍ പ്ലേസ് ചെയ്യാൻ.
താൻ ബിരിയാണി ഓര്‍ഡര്‍ ചെയ്തിരിക്കുന്നുവെന്ന് കാണിക്കാൻ ഇതിന്‍റെ സ്ക്രീൻഷോട്ടും യുവതി പങ്കുവച്ചിരുന്നു. ഇതും വൈറലായ പോസ്റ്റ് സ്ക്രീൻ ഷോട്ടിനൊപ്പം പ്രചരിക്കുന്നുണ്ട്.വ്യത്യസ്തമായ നിരവധി കമന്‍റുകളാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ഇത് സംബന്ധിച്ച് രസകരമായ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഒരു വിഭാഗം പേര്‍ യുവതിയെ വിമര്‍ശിക്കുമ്പോള്‍ മറുവിഭാഗം തീര്‍ച്ചയായും അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ഇതെല്ലാം കൗതുകമുള്ള വാര്‍ത്തകളായി അംഗീകരിക്കണമെന്നും വാദിക്കുന്നു.