തൃശൂര്‍: തൃശൂര്‍ തിരൂരിൽ പുലർച്ചെ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മുഖം മറച്ച് , നിക്കർ മാത്രം ധരിച്ച് ടോർച്ചുമായി നടക്കുന്ന മോഷ്ടാവിന്‍റെ ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്. മോഷണം നടന്ന വീടിന്‍റെ അടുത്തുള്ള സിസിടിവിയിലാണ് പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇന്നലെ പുലർച്ചെയാണ് തിരൂർ സ്വദേശി സീമയുടെ രണ്ട് പവൻ മാല പ്രതി കവർന്നത്. സമീപത്തെ മറ്റ് വീടുകളിലും കള്ളൻ മോഷ്ടിക്കാൻ കയറിയതായി പൊലീസ് അറിയിച്ചു.
തൃശൂര്‍ തിരൂരില്‍ വീടിന് പുറകില്‍ ചക്ക വെട്ടുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ചാണ് മോഷ്ടാവ് മാല കവർന്നത്. തിരൂര്‍ കിഴക്കേ അങ്ങാടി സ്വദേശി സീമയുടെ രണ്ടര പവന്‍റെ മാലയാണ് കവര്‍ന്നത്. പ്രതി എത്തിയതെന്ന് കരുതുന്ന സൈക്കിൾ സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു മോഷണം. വീട്ടിൽ പതുങ്ങിയെത്തിയ കള്ളൻ പിൻവശത്ത് ചക്ക വെട്ടുകയായിരുന്ന സീമയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
വീട്ടമ്മയുടെ മുഖം പൊത്തിയായിരുന്നു മോഷണം. ഇതിനിടെ കള്ളന്‍റെ വിരൽ വീട്ടമ്മയുടെ വായിൽ കുടുങ്ങി. വിരല്‍ വീട്ടമ്മ കടിച്ചതോടെ മോഷ്ടാവ് കുതറിയോടുകയായിരുന്നു. വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെട്ടു. കള്ളന്‍റേതെന്ന് കരുതുന ഒരു സൈക്കിൾ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സൈക്കിള്‍ മുണ്ടപ്പിള്ളി ഭാഗത്തു നിന്നും മേഷണം പോയതാണെന്നാണ് നിഗമനം. ഫോറൻസിക് വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
അതേസമയം, പുതുപ്പാടി പെരുമ്പള്ളിയിൽ ബൈക്കിലെത്തിയ മോഷ്ടാവ് ആറ് വയസുകാരിയുടെ സ്വർണവള മുറിച്ചെടുത്ത് കടന്നുകളഞ്ഞു. പെരുമ്പള്ളി പണ്ടാരപ്പെട്ടി ശിഹാബുദ്ദീൻ – തസ്നി ദമ്പതിമാരുടെ മകൾ ആയിഷയുടെ കൈയിലുണ്ടായിരുന്ന മുക്കാൽപ്പവൻ തൂക്കം വരുന്ന സ്വർണവളയാണ് കവർന്നത്. തിങ്കളാഴ്ചയാണ് സംഭവം. തസ്നിയുടെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മദ്രസയിൽ പോയി മടങ്ങുകയായിരുന്ന ആയിഷയെ, ചമൽ റോഡിലേക്കുള്ള ഭാഗത്തെ വളവിൽ അങ്കണവാടിക്കരികിൽവെച്ച് ബൈക്കിലെത്തിയ യുവാവ് സമീപിക്കുകയായിരുന്നു.
ഇരുനിറത്തിൽ തടിച്ച ശരീരപ്രകൃതിയുള്ള യുവാവ് ഹെൽമെറ്റിന്റെ ഗ്ലാസ് ഉയർത്തിയാണ് ബാലികയോട് സംസാരിച്ചത്. ‘മോളേ ഈ വള ഞാൻ എടുക്കുകയാണ്, വിൽക്കാൻ വേണ്ടിയാണ്’ എന്നുപറഞ്ഞ് കൈയിൽപ്പിടിച്ച് ആദ്യം വള ഊരിയെടുക്കാൻ ശ്രമിച്ചതായി ആയിഷ മാതാപിതാക്കളെ അറിയിച്ചു. വള ഊരാൻ സാധിക്കാതെ വന്നതോടെ പിന്നീട് കത്രികപോലുള്ള ആയുധമുപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. ഈ സമയം മദ്രസയിൽനിന്ന് മടങ്ങുകയായിരുന്ന മറ്റു കുട്ടികളും പരിസരത്തുണ്ടായിരുന്നു. ബാലിക വീട്ടിലെത്തി “ഒരു ഇക്കാക്ക വന്ന് വള വിൽക്കാൻ കൊണ്ടുപോയി” എന്ന് അറിയിച്ചതോടെയാണ് വീട്ടുകാർ കാര്യമറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.