തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്ന അനില്‍ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും ബിജെപി സംസ്സഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്. എ കെ ആന്‍റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുൽ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോൺഗ്രസ്സിന്‍റെ വർത്തമാന ദുരവസ്ഥയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എത്രവേഗമാണ് പ്രതിപക്ഷം മോദി വിരുദ്ധതയുടെ പേരിൽ ഇന്ത്യാ വിരുദ്ധമാവുന്നത് എന്ന് തിരിച്ചറിയാൻ ഇന്ത്യൻ ജനതയ്ക്ക് അഞ്ഞൂറു കിലോമീറ്റർ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ല. സിപിഎമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യാൻ വീണ്ടുമൊരവസരം കൂടി ലഭിച്ചു എന്നതിലുള്ള ചാരിതാർത്ഥ്യവും. ജന്മനാ ഇന്ത്യാവിരുദ്ധരായ അഞ്ചാംപത്തികൾ എന്നും അദ്ദേഹം പരിഹസിച്ചു.
ബിബിസിയുടെ “ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ” എന്ന ഡോക്യുമെന്‍ററി വിവാദം രാജ്യത്തും സംസ്ഥാനത്തും കത്തിപ്പടരുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകൻ അനില്‍ കെ ആന്‍റണി രംഗത്ത് വന്നത്.. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ കൂടിയായ അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തു. രാജ്യത്തിന്‍റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണിത്. ഇത് വിവാദമായതോടായാണ് അദ്ദേഹം പാര്‍ട്ടി പദവികളില്‍ നിന്ന് രാജി വച്ചത്.