തിരുവനന്തപുരം ∙ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ വിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിലാണ് ബിബിസി ഡോക്യുമെന്ററി പുറത്തുവന്നതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപം സംബന്ധിച്ച് സുപ്രീംകോടതി നേരത്തേ വിധി പറഞ്ഞിട്ടുണ്ട്. അതിനേക്കാൾ പ്രാധാന്യമാണ് ചിലർ ബിബിസി ഡോക്യുമെന്ററിക്കു നൽകുന്നതെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
‘‘ജനാധിപത്യം സംരക്ഷിക്കാൻ കഴിയാതെ ഇന്ത്യ പല കഷണങ്ങളായി ചിതറുമെന്ന് പണ്ട് പ്രവചിച്ചവരാണ് ഇന്ത്യയിൽ ജനാധിപത്യമില്ലെന്നും ഇന്ത്യ ഒന്നല്ലെന്നും ഇപ്പോൾ പറയുന്നത്. ഇന്ത്യ മുന്നേറുമ്പോൾ അവർക്കു നിരാശ ഉണ്ടാകും. നമ്മുടെ നാട്ടിലെ ചിലരുടെ കാഴ്ചപ്പാടുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ അദ്ഭുതം തോന്നുന്നു. അവർ വിദേശ മാധ്യമത്തിന്റെ അഭിപ്രായത്തിനാണ് പ്രാധാന്യം നൽകുന്നത്. ബ്രിട്ടൻ ഒരുകാലത്ത് നമ്മളെ അടക്കി ഭരിച്ചിരുന്നവരാണെന്ന് ഓർക്കണം’ – ഗവർണർ പറഞ്ഞു.